Ultimate magazine theme for WordPress.

സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വേണം, അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും

0

പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

പ്രതികളുടെ അറസ്റ്റിന് പിന്നാലെ ആദ്യം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ് എഫ്ഐആറിൽ പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു.  സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഫ്ഐആറിലെ മാറ്റം. പ്രതികൾ ബിജെപി പ്രവർത്തകാരാണെന്ന് രേഖപ്പെടുത്തിയതോടെ പെരിങ്ങര കൊലപാതകം വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയാകാനാണ് സാധ്യത.

- Advertisement -

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്,  മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.

പൊലീസ് നടപടി സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിൻറേത് ആസൂത്രിക കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂർണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു.

അതിനിടെ, സന്ദീപിൻറേത് ഹീനമായ കൊലപാതകമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, സന്ദീപിൻറെ  കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം പത്തനംതിട്ട ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.