Ultimate magazine theme for WordPress.

‘ഗവർണർക്ക് നിയമവും അറിയാം, രാഷ്ട്രീയവും അറിയാം’, ഒളിയമ്പുമായി കണ്ണൂർ വിസി

0

കണ്ണൂർ: തന്‍റെ പുനർനിയമനം ശരിയാണെന്ന തന്‍റെ നിലപാട് ഹൈക്കോടതിയും അംഗീകരിച്ചതായി കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സാധാരണ പല സർവകലാശാലകളിലും ഇത്തരം നടപടികൾ പതിവുണ്ട്. പ്രോ വൈസ് ചാൻസലർ എന്ന നിലയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു തനിക്ക് കുറച്ച് കാലം കൂടി സർവീസ് നൽകണമെന്ന് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകിയതിൽ തെറ്റില്ല. പ്രോ ചാൻസലർ എന്ന നിലയിൽ തന്‍റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്.

ഇത് സാധാരണ നടക്കുന്ന നടപടി തന്നെയാണ്. ബഹുമാനപ്പെട്ട ചാൻസലറായ ഗവർണർക്ക് രാഷ്ട്രീയമറിയാം. നിരവധി രാഷ്ട്രീയപാർട്ടികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമവുമറിയാം. അതെല്ലാം പരിഗണിച്ചാകും അദ്ദേഹം പുനർനിയമനം അംഗീകരിച്ചത്’, എന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ പറയുന്നു.

- Advertisement -

പദവിയിൽ നിന്ന് ഒഴിവാകണം എന്ന് പറഞ്ഞാൽ താൻ തയ്യാറായിരുന്നുവെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കുന്നു. സാധാരണ ഒരു നടപടി വലിയ വിവാദമായതിന് പിന്നിൽ രാഷ്ട്രീയതാത്പര്യങ്ങൾ തന്നെയാണെന്നും കണ്ണൂർ വിസി ഉത്തരവിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നെ വ്യക്തിപരമായി തേജോവധം ചെയ്തോ എന്ന കാര്യം തുറന്ന് പറയില്ല. വൈസ് ചാൻസലർ എന്ന നിലയിൽ ചാൻസലറെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാൻ ഹൈക്കോടതി ഉത്തരവോടെ വഴിയൊരുങ്ങിയിരുന്നു. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് ഇന്ന് തള്ളി. ജസ്റ്റിസ് അമിത് റാവലിന്‍റേതാണ് ഉത്തരവ്. പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

നിലവിൽ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും.

വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല.

എന്നാൽ പുതിയ വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂർ വിസിക്ക് പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്തായത്.

- Advertisement -

Leave A Reply

Your email address will not be published.