നയ്‌റോബി : പരസ്പരം സഹായിച്ചും മറ്റും മനുഷ്യര്‍ വരള്‍ച്ചയെ നേരിടാറുണ്ട്. എന്നാല്‍ വരള്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിക്കേണ്ടി വരുന്നത് വന്യമൃഗങ്ങളാണ്. ഇപ്പോഴിതാ കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്. ഈദ് റാം എന്ന ഫോട്ടോജേണലിസ്റ്റാണ് വരള്‍ച്ചയുടെ ദുരന്തമുഖം വരച്ചുകാട്ടുന്ന ചിത്രം പകര്‍ത്തിയത്. നാളുകളായി തുടരുന്ന വരള്‍ച്ചയുടെ ആഘാതമേറ്റ് ചത്ത ആറ് ജിറാഫുകളുടെ ആകാശചിത്രമാണ് ഈദ് റാമിന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയത്. വാജിറിലെ സാബുളി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയിലെ ജിറാഫുകളാണ് പട്ടിണി മൂലം ചത്തൊടുങ്ങിയത്.
വരള്‍ച്ചയുടെ ദുരന്തമുഖം ഒരു സിംഗിള്‍ ഫ്രെയമില്‍ കാണാമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അന്ത്യമില്ലാതെ തുടരുന്ന വരള്‍ച്ചയില്‍ ഭക്ഷണവും വെള്ളവും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപ്രാപ്യമായി തീര്‍ന്നിരിക്കുകയാണ്. ജലസ്രോതസ്സിൽ വെള്ളം തേടിയെത്തിയ ജിറാഫുകൾ ചെളി മണ്ണില്‍ കുടുങ്ങിയാണ് ചത്തത്. ഭക്ഷ്യ, ജല ദൗര്‍ലഭ്യം നേരിട്ടതിന് പുറമേയാണിത്.
- Advertisement -
കെനിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ സാധാരണയുള്ളതിനെ അപേക്ഷിച്ച് 30 ശതമാനം കുറവ് മഴയാണ് സെപ്റ്റംബറില്‍ ലഭിച്ചത്. ഇതോടെ കെനിയ പ്രസിഡന്റ് ഉഹുരു കെന്‍യാട്ട വരള്‍ച്ചയെ സെപ്റ്റംബറില്‍ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

ജലസംഭരണിയിലെ വെള്ളം മലിനപ്പെടാതിരിക്കാന്‍ വേണ്ടി ജഡങ്ങള്‍ മറ്റൊരു പ്രദേശത്തേക്ക് മാറ്റി. കടുത്ത വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നത് മൃഗങ്ങള്‍ മാത്രമല്ല, മനുഷ്യര്‍ കൂടിയാണ്. ഏകദേശം 21 ലക്ഷത്തോളം (2.1 മില്ല്യണ്‍) വരുന്ന കെനിയ നിവാസികള്‍ പട്ടിണിയിലാണ്. പകുതിയിലേറെയും വരുന്ന പ്രദേശത്തെ വരള്‍ച്ച കാര്‍ന്നു തിന്ന് കഴിഞ്ഞു. കെനിയയുടെ വരള്‍ച്ചാ പ്രതിരോധ അതോറിറ്റി (ഡ്രൗട്ട് മാനേജ്‌മെന്റ് അതോറിറ്റി) സെപ്റ്റംബറില്‍ വരാനിരിക്കുന്ന വരള്‍ച്ചയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
29 ലക്ഷത്തോളം (2.9 മില്ല്യണ്‍) ആളുകള്‍ അടിയന്തര സഹായത്തിന് അര്‍ഹരാണെന്ന് യു.എന്‍ അറിയിച്ചു. ജലസ്രോതസ്സുകളുട ഭൂരിഭാവും വറ്റിക്കഴിഞ്ഞു. ഇത് ജനങ്ങള്‍ വെള്ളത്തിനായി മറ്റ് പ്രദേശങ്ങളെ ആശ്രയിക്കാന്‍ കാരണമാകും. ഇത് പ്രാദേശിക വിഭാഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് സാധ്യത കൂട്ടുമെന്ന് യു.എന്‍ ഓഫീസ് പ്രതികരിച്ചു.
വരള്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ 4000 ഓളം ജിറാഫുകളെ ബാധിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നദികളുടെ സമീപത്തുള്ള കൃഷിയിടങ്ങളുടെ വര്‍ധനവ് വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം അന്യമാക്കുന്നതായും വിലയിരുത്തപ്പെടുന്നു.
- Advertisement -