കാളിദാസ് ജയറാമിന്റെ കുട്ടിക്കാലം മുതലേ പ്രേക്ഷകര്‍ക്ക് പരിചയമാണ്. അച്ഛൻ ജയറാമിനൊപ്പം തന്നെയാണ് കാളിദാസ് വെള്ളിത്തിരയില്‍ വിസ്‍മയിപ്പിക്കുന്ന പ്രകടനം നടത്തിയത്. കൊച്ചു കാളിദാസിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് വലിയ രീതിയില്‍ ഇഷ്‍ടമാകുകയും ചെയ്‍തിരുന്നു. കൗമാരക്കാരനായ കാളിദാസ് തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരെ ശബ്‍ദാനുകരണത്താല്‍ അമ്പരപ്പിച്ചാണ് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിച്ചത്. തുടര്‍ന്ന് വൈകാതെ വെള്ളിത്തിരയില്‍ നായകനായി എത്തുകയും ചെയ്‍തു. ഒരു തമിഴ്‍ ചിത്രത്തിലൂടെയായിരുന്നു കാളിദാസ് ജയറാമിന്റെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലും തിരിച്ചെത്തിയ കാളിദാസ് ജയറാം ഇന്ന് അഭിനയമറിയുന്ന നായകനടനായി വളര്‍ന്നിരിക്കുന്നു.
ജയറാം- പാര്‍വതി ദമ്പതിമാരുടെ മകനായി 1993 ഡിസംബര്‍ 16നാണ് കാളിദാസ് ജയറാമിന്റെ ജനനം. കാളിദാസിന് ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തുന്നത്. നായകനായി തുടക്കത്തില്‍ കാളിദാസിന് ശ്രദ്ധിക്കപ്പെടാനായില്ലെങ്കിലും ഇന്ന് തിരക്കേറിയ നടനായിരിക്കുന്നു. ‘പാവ കഥൈകള്‍’ എന്ന ആന്തോളജിയിലൂടെയാണ് കാളിദാസ് ജയറാമിന്റെ അഭിനയം ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. കമല്‍ഹാസൻ നായകനാകുന്ന ചിത്രം ‘വിക്ര’മിലാണ് കാളിദാസ് ജയറാം ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
- Advertisement -
കാളിദാസ് തമിഴ് ചിത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ‘മീൻ കുഴമ്പും മണ്‍ പാനെ’യും ആണ് നായകനായുള്ള തുടക്കം. തമിഴ് ആന്തോളജി ചിത്രമായ ഒരു ‘പക്ക കഥൈ’യിലും കാളിദാസ് ജയറാം ശ്രദ്ധിക്കപ്പെട്ടു. ‘രജനി’ എന്ന ചിത്രം കാളിദാസ് ജയറാമിന്റേതായി തമിഴിലും മലയാളത്തിലുമായിട്ടുമാണ് ഒരുക്കുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന ചിത്രത്തിലൂടെ കാളിദാസ് ജയറാം ആദ്യമായി ബാലതാരമായി വെള്ളിത്തിരയിലെത്തി. ‘എന്റെ വീട്, അപ്പൂന്റേം’ ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ പുരസ്‍കാരവും സംസ്ഥാന പുരസ്‍കാരവും നേടി. വിജയ് ടിവി അവാര്‍ഡ് ചടങ്ങിലാണ് കാളിദാസ് ജയറാമിനെ പ്രേക്ഷകര്‍ പിന്നീട് ആവേശത്തോടെ കണ്ടത്. സൂര്യയുടെയും വിജയ്‍യുടെയും മുന്നില്‍ വെച്ച് അവരുടെ ശബ്‍ദം അനുകരിച്ച് കാളിദാസ് ജയറാം കയ്യടി നേടി.
- Advertisement -