Ultimate magazine theme for WordPress.

എങ്ങനെയുണ്ട് മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ? അഞ്ജലി മേനോന്‍ പറയുന്നു

0

മലയാളികളല്ലാത്ത സിനിമാപ്രേമികളിലും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ടൊവീനോ  നായകനാവുന്ന മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന മിന്നല്‍ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുക. നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 24നാണ് ചിത്രം എത്തുക. എന്നാല്‍ ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ഇതിനകം നടന്നുകഴിഞ്ഞു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വ്യാഴാഴ്ചയായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. പ്രീമിയറ്‍ കണ്ടവര്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
വേള്‍ഡ് പ്രീമിയറിന്‍റെ പ്രേക്ഷകയായി സംവിധായിക അഞ്ജലി മേനോനും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അഞ്ജലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഞ്ജലി മേനോന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.

- Advertisement -

ഗ്രാമ്യ പശ്ചാത്തലത്തിലുള്ള ഒരു കോമഡി ചിത്രമെന്ന നിലയില്‍ ആരംഭിച്ച് ഒരു സൂപ്പര്‍ഹീറോ ചിത്രമെന്ന നിലയില്‍ വികസിക്കുന്ന രീതിയിലാണ് സിനിമയുടെ ഘടനയെന്ന് അഞ്ജല് പറയുന്നു. “ഫാന്‍റസിയുടെ തലത്തില്‍ നില്‍ക്കുമ്പോഴും പ്രാദേശിയമായ ഫ്ളേവര്‍ ഉണ്ട് ഈ ചിത്രത്തിന്. ബേസിലും ടൊവീനോയും ഗുരു സോമസുന്ദരവും സോഫിയ പോളുമൊക്കെ ഏറെ ഉത്സാഹത്തോടെയാണ് അവിടെ എത്തിയത്. ചിത്രം തുടങ്ങുന്നതിനു മുന്‍പുതന്നെ അവര്‍ ഞങ്ങളുടെ മനംകവര്‍ന്നിരുന്നു. ഇന്ത്യയിലെ യഥാര്‍ഥ സിനിമ രാജ്യം മുഴുവനുമുള്ള പ്രേക്ഷകര്‍ക്കു മുന്നില്‍ സ്ഥാനം പിടിക്കുന്ന ഒരു മുന്നേറ്റത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ആ സിനിമകള്‍ ഏറെ അര്‍ഹിക്കുന്ന ഒന്നാണ് അത്”, അഞ്ജലി കുറിച്ചു.

ഗോദയുടെ വിജയത്തിനു ശേഷം ബേസിലും ടൊവീനോ തോമസും ഒരുമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നാട്ടിന്‍പുറത്തെ ഒരു തയ്യല്‍ക്കാരനാണ് ടൊവീനോയുടെ കഥാപാത്രം. ഒരിക്കല്‍ മിന്നലേല്‍ക്കുന്നതോടെ അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂടെയാണ് ചിത്രത്തിന്‍റെ പ്ലോട്ട് വികസിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.