Ultimate magazine theme for WordPress.

കൊന്നു തള്ളിയത് കാക്കിക്ക് മുന്നിലേക്ക്; അരുംകൊലയുടെ ഞെട്ടൽ മാറാതെ കേരളം

0

കോട്ടയം: ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ജോമോൻ ലഹരിയുടെ സ്വാധീനത്തിലാണ് അക്രമങ്ങൾ നടത്തിയതെന്ന് പൊലീസ്. പ്രതി മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ശേഷവും അതിക്രമങ്ങൾ തുടർന്നു. പൊലീസുകാർ പണിപ്പെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്. ഈ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ഷാൻ. ഓട്ടോയിലെത്തിയ ഗുണ്ടാ സംഘം ഷാനിനെ ഇവിടെ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി.

- Advertisement -

രാത്രി വൈകിയിട്ടും മകൻ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ പരാതിയിൽ അന്വേഷണം തുടങ്ങി അധികം വൈകാതെയാണ് ജോമോൻ, ഷാൻ ബാബുവിനെ തലയിൽ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീർത്തെന്ന് ആക്രോശിച്ച ജോമോൻ പൊലീസ് സ്റ്റേഷനിലും അതിക്രമം നടത്തി.

സ്വന്തം മേധാവിത്വം ഉറപ്പിക്കാൻ വേണ്ടിയാണ് ജോമോൻ ഷാനിനെ കൊന്നതെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. ജോ മോനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ഇയാളുടെ സംഘാങ്ങളെല്ലാം കൊഴിഞ്ഞു പോയി, ജോമോൻറെ ശക്തി ക്ഷയിച്ചു. തിരിച്ചു വന്നപ്പോൾ ജില്ലയിൽ സ്വാധീനം കുറഞ്ഞു. ഇതിനിടെ പുതിയ ഗുണ്ടാ സംഘം നിലയുറപ്പിച്ചു. സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ജോമോൻറെ സംഘത്തിൽ മുമ്പുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രദേശത്ത് ഇവർ മേധാവിത്വം ഉറപ്പിച്ചു. ഇതാണ് ജോമോനെ ചൊടിപ്പിച്ചത്.

സൂര്യനുമായി അടുപ്പമുള്ളയാളെ തട്ടിയെടുത്ത് മർദ്ദിച്ച് മറ്റ് സംഘാങ്ങളെ പറ്റിയുള്ള വിവരമെടുക്കലായിരുന്നു ശ്രമം. കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. ഇപ്പോഴും ജോമോന് ലഹരിയുടെ കെട്ട് വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഷാനിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരിൽ കേസുകളുമില്ല. ഇൻസ്റ്റഗ്രാമിൽ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോൻ ഷാനിനെ ഉന്നമിട്ടതെന്നാണ് അനുമാനം.

- Advertisement -

Leave A Reply

Your email address will not be published.