Ultimate magazine theme for WordPress.

‘ഒരാളെ കൊന്ന് വീട്ടിൽ ഇട്ടിട്ടുണ്ട്, പോലീസിനെ അറിയിക്കണം’; ഉടനടി സ്ഥലത്തെത്തി പൊലീസ്

0

പൂച്ചപ്ര: മദ്യപിക്കുന്നതിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കല്ലംപ്ലായ്ക്കൽ സനലി(45)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് ചേലംപ്ലാക്കൽ അരുണി(ഉണ്ണി-40)നെ ശനിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അരുണിന്റെ വീട്ടിൽ കൊല്ലപ്പെട്ട സനൽ എത്തുകയും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മദ്യപിക്കുകയും ചെയ്തു. സുഹൃത്തുക്കൾ പോയതിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടാകുന്നത്. മുൻപ് അരുൺ തന്റെ മൊബൈൽ കേടുവരുത്തിയെന്നും വേറൊരെണ്ണം വാങ്ങിത്തരണമെന്നും സനൽ ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. പ്രകോപിതനായ അരുൺ വാക്കത്തി ഉപയോഗിച്ച് സനലിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

- Advertisement -

സംഭവസ്ഥലത്തുവച്ചുതന്നെ സനൽ മരിച്ചു. സനലിനെ കൊലപ്പെടുത്തിയശേഷം ഉണ്ണി അയൽവാസി അനന്തുവിന്റ വീട്ടിലെത്തി താൻ ഒരാളെ കൊന്ന് വീട്ടിൽ ഇട്ടിട്ടുണ്ടെന്ന് പറയുകയും പോലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. അരുൺ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

വിവരം അറിഞ്ഞ കാഞ്ഞാർ പോലീസ് ഉടൻ സ്ഥലത്തെത്തി. ഞാറാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ചത്. സനലിന്റെ ഭാര്യ മായ.

തൊടുപുഴ ഡിവൈ.എസ്.പി. എ.ജി.ലാൽ, കാഞ്ഞാർ സി.ഐ. സോൾജിമോൻ, പ്രിൻസിപ്പൽ എസ്.ഐ. ജിബിൻ തോമസ്, എസ്.ഐ.മാരായ ഉബൈസ്, സജി പി.ജോൺ എ.എസ്.ഐ. സാംകുട്ടി, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ.സാനു എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. ഫൊറൻസിക് സയന്റിഫിക് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.