ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കാനും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് സ്മരിക്കേണ്ട സന്ദര്‍ഭമാണിതെന്ന് രാജ പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തി. ഗൂഢാലോചന കേസുകളെയും വെടിയുണ്ടകളെയും ജയിലറകളെയും നേരിട്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശത്തിനായി പോരാടിയത്.
ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം സ്ഥാപിക്കാനുള്ള പോരാട്ടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കും രാജ്യത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കും എതിരെ ബഹുജനങ്ങളുടെ ശക്തിമത്തായ മുന്നേറ്റം വളര്‍ന്നു വരേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകരും മറ്റ് ജനവിഭാഗങ്ങളും വലിയ വെല്ലുവിളികളെ നേരിടുന്നു. ‘രാജ്യത്തെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ഭരണഘടനയെ കാത്തുസൂക്ഷിക്കുക’ എന്നീ മുദ്രാവാക്യം ഉയര്‍ത്തി ഭരണഘടനാ സംരക്ഷണദിനമായി ജനുവരി 26 ആചരിക്കാന്‍ ഡി രാജ ആഹ്വാനം ചെയ്തു.
- Advertisement -
ദേശീയ കൗണ്‍സിലിന്റെ ആഹ്വാനമനുസരിച്ച് ജനുവരി 26 ന് ഭരണഘടനാ സംരക്ഷണദിനം സംസ്ഥാനത്ത് ആചരിക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങളോട് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കണം. തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാവിലെ 10 മണിയ്ക്ക് ദേശീയ പതാക ഉയര്‍ത്തും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാവണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റിപ്പബ്ലിക് ദിനാചരണമെന്ന് കാനം രാജേന്ദ്രന്‍ ഓര്‍മ്മപ്പെടുത്തി.
- Advertisement -