Ultimate magazine theme for WordPress.

‘കീഴ്‌കോടതിയില്‍ നിന്ന് നീതി കിട്ടിക്കൊള്ളണമെന്നില്ല, അപകീര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ തോന്നല്‍’: അപ്പീല്‍ നല്‍കുമെന്ന് വിഎസ്

0

തിരുവനന്തപുരം: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍. കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടിക്കൊള്ളണമെന്നില്ല എന്നത് മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നും വി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

- Advertisement -

കുറിപ്പ്:

സോളാര്‍ അഴിമതിയില്‍ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപറ്റി ‘റിപ്പോര്‍ട്ടര്‍ ചാനല്‍’ അഭിമുഖത്തില്‍പറഞ്ഞ കാര്യങ്ങള്‍ ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ  മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ശ്രീ.ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന  ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.  ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള  22/01/2022 ലെ  ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന്  വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.
കോടതി വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടികൊള്ളണമില്ലെന്ന മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ്. സോളാര്‍ കേസില്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രീ.ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണ്. പരാമര്‍ശങ്ങള്‍ക്ക് അടിസ്ഥാനമായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മന്‍ ചാണ്ടിതന്നെ ഹൈക്കോടതിയില്‍ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് പൊതു പ്രവര്‍ത്തകന്‍ എന്ന കര്‍ത്തവ്യബോധം മുന്‍നിര്‍ത്തി ഉള്ളത് ആണ് എന്ന് അപ്പീല്‍കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും  ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.