Ultimate magazine theme for WordPress.

ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണ തോത് കൂടുന്നു; കൊച്ചിയിലെ വായുവും മലിനം

0

കൊച്ചി: ദക്ഷിണേന്ത്യൻ നഗരങ്ങളിൽ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട്. ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചിരിക്കുന്ന തിനെക്കാൾ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ഡൗൺ സാഹചര്യങ്ങളിലും മലിനീകരണ തോതിൽ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്പത്തൂർ, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബർ മുതൽ 2021 നവംബർ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീൻപീസ് ഇന്ത്യ പ്രോജക്ട് കൺസൾട്ടന്റ് എസ്.എൻ. അമൃത പറഞ്ഞു.

- Advertisement -

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘2.5 അന്തരീക്ഷ കണങ്ങളുടെ’ അളവിൽ ബെംഗളൂരു, മംഗളൂരു, അമരാവതി എന്നിവിടങ്ങളിൽ ആറു മുതൽ ഏഴ് മടങ്ങ് വരെ വർധന കണ്ടെത്തി. പൊടിയും മറ്റു പലതരം കണികകളുമായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന 2.5 മൈക്രോൺ വരെ വലിപ്പമുള്ള പദാർഥ കണങ്ങളാണ് ‘അന്തരീക്ഷ കണം 2.5’ (പാർട്ടിക്യുലേറ്റ് മാറ്റർ 2.5) എന്ന് അറിയപ്പെടുന്നത്. തലമുടിനാരിൻറെ വണ്ണം ഏകദേശം 70 മൈക്രോ മീറ്ററാണ്. അതിന്റെ 30-ൽ ഒന്നോളം മാത്രമുള്ള നേർത്ത കണികകളാണ് ‘അന്തരീക്ഷ കണം 2.5.’

കൊച്ചി, മൈസൂരു, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ അന്തരീക്ഷ കണം 2.5-ന്റെ അളവ് അഞ്ചുമടങ്ങ് വരെ ഉയർന്നിട്ടുണ്ട്. അന്തരീക്ഷ കണങ്ങളുടെ വർധന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ അന്തരീക്ഷ കണം 10-ന്റെ അളവ് ഏഴ് മടങ്ങ് വരെ വർധിച്ചു. ബെംഗളൂരു, മംഗളൂരു, അമരാവതി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ നാലു മടങ്ങ് വരെ കൂടി. മൈസൂരു, കോയമ്പത്തൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇത് രണ്ടു മുതൽ മൂന്നുമടങ്ങ് വരെയായിരുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.