Ultimate magazine theme for WordPress.

സുസ്ഥിരവികസനം: കേരളം മുന്നിലെന്ന് സാമ്പത്തികസർവേ

0

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നിൽ. കേന്ദ്രഭരണപ്രദേശങ്ങളിൽ ചണ്ഡീഗഢാണ് മുന്നിൽ.

മെച്ചപ്പെട്ട ശൗചാലയങ്ങളുള്ള വീടുകൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലും സംസ്ഥാനം മുന്നിലാണ്. കേരളത്തിൽ 98.2 ശതമാനം വീടുകളിലും മികച്ച ശൗചാലയങ്ങളുണ്ട്. ഇക്കാര്യത്തിൽ 70 ശതമാനമാണ് ദേശീയ ശരാശരി. ഏറ്റവും പിന്നിലുള്ള ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഇവ യഥാക്രമം 26, 25 ശതമാനം വീതമാണ്. ഉത്തർപ്രദേശിൽ 2015-16ൽ 68.8 ശതമാനമുണ്ടായിരുന്നത് ഇപ്പോൾ 36.4 ശതമാനമായി കുറഞ്ഞെന്ന് സർവേയിൽ പറയുന്നു. 2014 ഒക്ടോബർ രണ്ടിന് ശുചിത്വഭാരത പദ്ധതി ആരംഭിച്ചതുമുതൽ കഴിഞ്ഞ ഡിസംബർ വരെ 10.86 കോടി ശൗചാലയങ്ങൾ രാജ്യത്തുണ്ടാക്കി.

- Advertisement -

ശുദ്ധ ഇന്ധനം (പാചകവാതകവും മറ്റും) ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞെന്നാണ് സർവേയിൽ പറയുന്നത്. 2015-16ൽ സംസ്ഥാനത്തെ 72.1 ശതമാനം വീടുകളിൽ ശുദ്ധ ഇന്ധനം ഉപയോഗിച്ചിരുന്നത് 57.4 ശതമാനമായി കുറഞ്ഞു. ആയുർദൈർഘ്യം ഏറ്റവും കൂടുതൽ (75.3 വയസ്സ്) കേരളത്തിലും ഡൽഹിയിലുമാണ്. ശിശുമരണ നിരക്ക് ഏറ്റവും കുറവും കേരളത്തിലാണ് (ആയിരത്തിൽ 4.4).

 

- Advertisement -

Leave A Reply

Your email address will not be published.