സൂറത്ത്: എട്ടുമാസം പ്രായമുള്ള കുട്ടിയെ പരിചാരക ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മർദ്ദനത്തെ തുടർന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ രന്ദർ പാലൻപൂർ പാട്യയിലാണ് കുടുംബം താമസിക്കുന്നത്.
കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ജോലിക്ക് പോകേണ്ടതിനാൽ കുട്ടിയുടെ പരിചരണത്തിനായി ഒരു യുവതിയെ ഏർപ്പാടാക്കുകയായിരുന്നു. ഇവർ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞ് ഉറക്കെ കരയുന്നത് കേട്ട അയൽവാസികൾ ഈ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ഇവർ വീട്ടിൽ ഒരു സിസി ടിവി സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഈ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യുവതി കുഞ്ഞിനെ മർദിക്കുന്നത് കണ്ടെത്തിയത്.
- Advertisement -
പലതവണ കുട്ടിയുടെ തല കട്ടിലിൽ ഇടിക്കുകയും അവന്റെ മുടി വലിച്ചിഴച്ച് മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പരിചാരകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത് സ്വദേശിയായ കോമൾ ചന്ദ്‌ലേക്കറിനെയാണ് സൂറത്ത് രന്ദേർ പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. അഞ്ച് വർഷം മുമ്ബ് വിവാഹിതയായ യുവതിക്ക് കുട്ടികളില്ലെന്നും പൊലീസ് പറഞ്ഞു.
മൂന്ന് മാസം മുമ്ബാണ് കോമൾ ജോലിക്കായി എത്തിയതെന്ന് കുഞ്ഞുങ്ങളുടെ മുത്തശ്ശിയായ കലാബൻ പട്ടേലും പറഞ്ഞു. ആദ്യനാളുകളിൽ യുവതി കുഞ്ഞുങ്ങളെ നന്നായി പരിചരിച്ചിരുന്നു. എന്നാൽ അടുത്തിടെയായി കുഞ്ഞുങ്ങൾ വല്ലാതെ കരയാറുണ്ടെന്ന് അയൽക്കാർ പറഞ്ഞു. ഇതോടെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചതെന്നും ഇവർ പ്രതികരിച്ചു.
- Advertisement -