Ultimate magazine theme for WordPress.

16 പേര്‍ക്ക് താമസിക്കാം, ഒരു ദിവസം വെറും 100 രൂപ; കട്ടപ്പുറത്തായ ബസുകള്‍ എ.സി. സ്ലീപ്പറുകളാവുന്നു

0

കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ നേതൃത്വത്തില്‍, കട്ടപ്പുറത്തായ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു. ഓടി ആയുസ്സ് തീര്‍ന്ന ബസുകളാണ് ഇത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നത്. ഒരുബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്.

സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനോടനുബന്ധിച്ച് 50 പേര്‍ക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ടോയ്ലറ്റ്-ബാത്ത് റും സൗകര്യം സ്റ്റേഷനില്‍ത്തന്നെ ഉണ്ടാക്കും. ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണത്തി, ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ‘ബജറ്റ് ടൂറിസം സെല്‍’.

- Advertisement -

വിനോദസഞ്ചാരമേഖലയെ സജീവമാക്കുന്നതോടൊപ്പം, കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ധിപ്പിക്കുകകൂടി പദ്ധതിയുടെ ലക്ഷ്യമാണെന്ന് സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസും കോ-ഓര്‍ഡിനേറ്റര്‍ വി.പ്രശാന്തും പറഞ്ഞു. പദ്ധതിയാരംഭിച്ച നവംബര്‍ ഒന്നുമുതല്‍ ജനുവരി 31 വരെ 700 ട്രിപ്പുകളിലായി കാല്‍ലക്ഷത്തോളംപേര്‍ വിനോദയാത്രയുടെ ഭാഗമായി. ഒമിക്രോണ്‍ വ്യാപനത്തോടെ യാത്രകള്‍ രണ്ടാഴ്ചയോളം നിര്‍ത്തിവെച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ കൂടുതല്‍പ്പേര്‍ യാത്രയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

35 ഡിപ്പോകളില്‍നിന്ന് 88 പാക്കേജുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കണ്ണൂരില്‍നിന്ന് മൂന്നാറിലേക്കും ആലപ്പുഴയിലേക്കുമുള്ള ട്രിപ്പുകള്‍ അടുത്തമാസം ആരംഭിക്കും. രണ്ടുദിവസത്തെ യാത്രയാകുമിത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജും ഉണ്ടാവും.

വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തെക്കന്‍ ഭാഗങ്ങളില്‍നിന്നുള്ള യാത്രകളും വൈകാതെ ഒരുക്കും. കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ഡിപ്പോയിലും താമസത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. യാത്രയ്ക്ക് നേരത്തേ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തും.

- Advertisement -

Leave A Reply

Your email address will not be published.