Ultimate magazine theme for WordPress.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആക്ഷന്‍ പ്ലാന്‍; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം

0

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാന്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രത്യേകമായി ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് സജ്ജമാക്കണം. എത്രയും വേഗം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ രോഗികളുടെ കുടുംബത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ ഒരിടത്തും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നില്ല എന്ന അവസ്ഥയിലാണ് ഈ സര്‍ക്കാര്‍ ഇടപെട്ടത്. തിരുവനന്തപുരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയത്.

- Advertisement -

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് മന്ത്രി യോഗം വിളിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങള്‍ സജ്ജമാക്കുന്നതാണ്.

രണ്ട് മെഡിക്കല്‍ കോളേജുകളിലും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായുള്ള ഓപ്പറേഷന്‍ തീയറ്റര്‍, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു., അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജന്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് എന്നിവര്‍ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.