ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട നെയ്യാറ്റിന്‍കരക്കാരി; പെണ്‍വാണിഭവും കൊലപാതകവും നടത്താന്‍ സ്വന്തമായി ഗുണ്ടാസംഘം വരെയുണ്ടായിരുന്ന ശോഭാ ജോണ്‍
കേരളത്തില്‍ ആദ്യമായി ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീ ആണ് ശോഭാ ജോണ്‍. കേരളത്തെ തന്നെ ഞെട്ടിച്ച വരാപ്പുഴ പീഡന കേസിലെ മുഖ്യപ്രതിയായ നെയ്യാറ്റിന്‍കരക്കാരി.
വരാപ്പുഴ കേസിലെ കേസിലെ പ്രതിയായായിരുന്ന വിനോദ്‌കുമാര്‍ കൊല്ലപ്പെട്ടതോടെ വാര്‍ത്തകളില്‍ വീണ്ടും നിറയുകയാണ് ഈ ഗുണ്ടാ തലൈവിയും കുപ്രസിദ്ധ പീഡന കേസും.
സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളെ പോലും വെല്ലുന്ന ജീവിതമായിരുന്നു ശോഭ ജോണിന്റേത്. എന്തിനും ഏതിനും പോന്ന ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവ്. ആദ്യ കാലത്ത് ബ്ലേഡുകാരിയായിരുന്നു ശോഭ. എന്നാല്‍ പലിശക്കാരില്‍ രക്ഷപെടാന്‍ ഗുണ്ടകള്‍ക്കിടയിലെത്തിയ ഇവര്‍ പിന്നീട് വലിയൊരു ഗുണ്ടാ നേതാവായി മാറുകയായിരുന്നു. കൊലപാതകവും, പെണ്‍വാണിഭവും ഉള്‍പ്പെടെയുള്ള പല കുറ്റകൃത്യങ്ങളും ഇവരുടെ പേരിലുണ്ട്.
വാരാപ്പുഴയിലെ പീഡനക്കേസിലെ മുഖ്യപ്രതിയാണ് ശോഭാ ജോണ്‍. വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി നല്‍കി കൂട്ട ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്തത് ഉള്‍പ്പടെ മുപ്പതോളം കേസുകളിലെ പ്രതിയാണ് ഇവര്‍.
2011 ജൂലൈ മൂന്നിന് ശോഭയുടെ പേരില്‍ വാരാപ്പുഴയില്‍ വാടകയ്‌ക്കെടുത്ത ഫ്ലാറ്റില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതാണ് കേസ്. പോലീസ് ആദ്യം അനാശാസ്യത്തിന് കേസെടുത്തെങ്കിലും പിന്നീട് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ശോഭയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പെണ്‍വാണിഭക്കുറ്റം കൂടി റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഗ്രാമീണയായ പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ശോഭാ ജോണ്‍ കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. ഇവിടെ എത്തിച്ച പെണ്‍കുട്ടിയെ ആദ്യം കാക്കനാെട്ട വാടക വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. തുടര്‍ന്ന് 2011 ആഗസ്റ്റ് എട്ടിന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വരാപ്പുഴക്ക് സമീപമുള്ള ഒളനാട്ട് ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടിലേക്ക് പ്രതികള്‍ എല്ലാവരും ചേര്‍ന്ന് എത്തിച്ചു. ഇവിടെ വെച്ച് ജയരാജന്‍ നായര്‍ 10,000 രൂപ ശോഭാ ജോണിന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യുഷന്‍ കോടതിയില്‍ തെളിയിച്ചത്.
കേസില്‍ ഇരയടക്കം സകലരേയും സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ വാങ്ങുകയും വില്‍ക്കുകയും ചെയ്തു എന്ന കേസിലാണ് ശോഭ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. തന്നെ അമ്മയില്‍നിന്ന് ശോഭ ഒരു ലക്ഷം രൂപ നല്‍കിയാണ് വാങ്ങിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പണം കൊടുത്ത് പെണ്‍കുട്ടിയ വാങ്ങിയ ശോഭ കുട്ടിയെ പലര്‍ക്കായി വില്‍ക്കുകയും അവരില്‍നിന്ന് ഇരട്ടി പണം ഉണ്ടാക്കുകയുമായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരിയടക്കം 5 പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.
ശബരിമലയിലെ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെയും മുഖ്യ പ്രതിയാണ് ശോഭ. ജൂലൈ 23 നാണ് കണ്ഠരര് മോഹനരെ കുടുക്കിയ ഫ്ലാറ്റ് ബ്ലാക്ക് മെയിലിംഗ് കേസ് അരങ്ങേറുന്നത്. ഫ്‌ളാറ്റിലെത്തിയ മോഹനരെ കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ശോഭാ ജോണും കൂട്ടാളികളും ശബരിമല തന്ത്രിയെ പെടുത്തുന്നത്. മോഹനരരുടെ 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും 20000 രൂപയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങിയ സംഘം ശാന്ത എന്ന സ്ത്രീയെയും മോഹനരെയും നഗ്നരാക്കി ഫോട്ടോ എടുക്കുകയായിരുന്നു. കത്തിയും തോക്കും കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ എതിര്‍ക്കാനാകാതിരുന്ന മോഹനര് ഇതിനെല്ലാം വഴങ്ങുകയും ചെയ്തു.
തുടര്‍ന്ന് ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ കേസില്‍ മുഖ്യപ്രതിയായ ശോഭാ ജോണിനെയും കൂട്ടാളി ബെച്ചു റഹ്മാനെയും അടക്കം 11 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. ഏഴ് വര്‍ഷം കഠിന തടവാണ് 2012 ല്‍ കോടതി ശോഭയ്ക്കും കൂട്ടാളികള്‍ക്കും വിധിച്ചത്.
അതേസമയം പീഡനക്കേസിലെ പ്രതിയായ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികള്‍.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്കരിച്ചു. 2011 മാര്‍ച്ചിലാണ്, കേരളത്തില്‍ ഗുണ്ടാപ്പട്ടികയില്‍ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസില്‍ വിനോദ് കുമാര്‍ പ്രതിയാകുന്നത്. കേസില്‍ ശോഭാ ജോണിനെയും മുന്‍ ആര്‍മി ഓഫിസര്‍ ജയരാജന്‍ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാല്‍ വിട്ടയക്കുകയായിരുന്നു.
- Advertisement -