കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറിലേറെ പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഹരിദാസിന്റെ അന്ത്യയാത്ര. വീട്ടുമുറ്റത്ത് വെച്ചാണ് ഹരിദാസ് അക്രമിക്കപ്പെട്ടത്. ഹരിദാസിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബാംഗങ്ങൾ ഇനിയും മുക്തരായിട്ടില്ല. ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കളായ എംവി ജയരാജൻ, പി ജയരാജൻ, എഎൻ ഷംസീർ എംഎൽഎ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
പുന്നോലിലെ ക്ഷേത്രത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഹരിദാസനും സഹോദരൻ സുരേന്ദ്രനുമെതിരെ ഭീഷണി നിലനിന്നിരുന്നു. ക്ഷേത്രത്തിലെ സംഘർഷത്തിൽ സുരേന്ദ്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷം ജോലിക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു ഹരിദാസിനും സുരേന്ദ്രനും. പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാര ചടങ്ങിന് ശേഷം സംഘർഷം വ്യാപിക്കാതിരിക്കാൻ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്ലസ് ടു തലത്തിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം രാഷ്ട്രീയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നീങ്ങുകയായിരുന്നു.
- Advertisement -
വീടിന്റെ നെടുംതൂണായ മനുഷ്യനായിരുന്നു ഹരിദാസ്. ഹരിദാസും സഹോദരനും കുടുംബങ്ങളും ഒരുമിച്ചായിരുന്നു താമസം. കൃത്യമായ രാഷ്ട്രീയ ബന്ധം ഉള്ളപ്പോഴും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അത്യധ്വാനം ചെയ്യുന്നയാളായിരുന്നു ഹരിദാസ്. മകളുടെ ചികിത്സയ്ക്ക് വേണ്ടി ധാരാളം പണം ആവശ്യമുള്ളതിനാൽ അവധി ദിവസങ്ങളിൽ പോലും തൊഴിൽ ചെയ്യുന്നയാളായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ട് പെൺമക്കളുമാണ് ഹരിദാസിന്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇദ്ദേഹത്തിന് ബാങ്ക് വായ്പാ ബാധ്യതകളും ഉണ്ടായിരുന്നെന്നാണ് വിവരം.
സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം.
- Advertisement -