കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ളയ്‌ക്കു ക്രൈംബ്രാഞ്ച് നോട്ടീസ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: എസ്. അമ്മിണിക്കുട്ടനാണു നോട്ടീസ് നല്‍കിയത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണു നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി അബ്‌ദുള്‍ നാസര്‍ ഭീഷണിപ്പെടുത്തിയതായി നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ ജിന്‍സണ്‍ 2020-ല്‍ പീച്ചി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൊഴിയെടുക്കാനായി ഓഫീസിലോ വീട്ടിലോ കഴിഞ്ഞ 16-ന് എത്താമെന്നും എവിടെയാണു വരേണ്ടതെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടാണു് അഡ്വ. രാമന്‍ പിള്ളയ്‌ക്കു നോട്ടീസ് നല്‍കിയത്. എന്നാല്‍, 18-നാണ് അദ്ദേഹം മറുപടി നല്‍കിയത്. നോട്ടീസയച്ചത് നിയവിരുദ്ധമെന്ന് അഡ്വ. രാമന്‍പിള്ള തനിക്കു നോട്ടീസ് അയച്ചതു നിയവിരുദ്ധവും തെറ്റായ നടപടിയുമാണെന്നു ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള ക്രൈംബ്രാഞ്ചിനു മറുപടി നല്‍കി.
പീച്ചി സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിന്റെ അന്വേഷണം നടത്താതെയാണു തനിക്കു നോട്ടീസയച്ചത്. കേസിന്റെ തിരക്കുകാരണം 16-നു തനിക്ക് അസൗകര്യമായിരുന്നു. എഫ്.ഐ.ആറിലുള്ള ഒരു കുറ്റവും പ്രഥമദൃഷ്‌ട്യാ നിലനില്‍ക്കില്ലെന്നാണു ഹൈക്കോടതിയുടെ കണ്ടെത്തല്‍. തെറ്റായ എഫ്.ഐ.ആറിന്റെ അടിസ്‌ഥാനത്തിലുള്ള അന്വേഷണം നിയമപരമായി നിലനില്‍ക്കില്ല. എഫ്.ഐ.ആറില്‍ പറയുന്ന ആരോപണമെല്ലാം നടിയെ ആക്രമിച്ച കേസിലെ വിചാരണയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍, ഈ കേസ് നിയമപരമായി നിലനില്‍ക്കാത്തതും നിയമവാഴ്‌ചയ്‌ക്കെതിരേയുള്ള വെല്ലുവിളിയുമാണ്.
ഇത്തരം നടപടികള്‍ ഉപേക്ഷിക്കേണ്ടതാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ അവകാശം നിയമത്തിന്റെ പരിധിയില്‍ നിലനിര്‍ത്തണമെന്നും അഡ്വ. രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ തെളിവുനിയമത്തിലെ സെക്‌ഷന്‍ 126 പ്രകാരം അഭിഭാഷകനും കക്ഷികളും തമ്മില്‍ ഔദ്യോഗികമായ ആശയവിനിമയം അനുവദനീയമാണ്. അങ്ങനെ സംസാരിക്കുമ്ബോഴുള്ള വിവരങ്ങള്‍ പുറത്തുപറയാന്‍ പരിമിതിയുണ്ട്. അഡ്വക്കേറ്റ് ആക്‌ടിന്റെ പരിധിയില്‍നിന്നുള്ള പ്രവൃത്തികള്‍ക്കു തനിക്കു നിയമപരമായ പരിരക്ഷയുണ്ട്. എന്നിരുന്നാലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ക്കു കൂടിക്കാഴ്‌ച അനിവാര്യമാണെങ്കില്‍ തയാറാണെന്നും ഫോണില്‍ സംസാരിച്ചു സമയം തീരുമാനിക്കാമെന്നും അഡ്വ. രാമന്‍പിള്ളയുടെ മറുപടിയില്‍ പറയുന്നു.
- Advertisement -