കൊച്ചി: കാക്കനാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിക്ക് എങ്ങനെയാണ് ദേഹത്ത് ഗുരുതരമായ നിലയിൽ ഇത്രയും പരിക്കുകളേറ്റത് എന്നതിൽ സർവത്ര ദുരൂഹത. ആശുപത്രിയിൽ കുട്ടിയുടെ കൂടെ അമ്മയും അമ്മൂമ്മയുമാണ് ഉള്ളത്. ഇരുവരും മാനസികവിഭ്രാന്തിയുള്ളത് പോലെയാണ് പെരുമാറുന്നതെന്നും, പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയുണ്ടെന്നും ദേഹത്ത് ചിപ്പുണ്ടെന്നും, കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നും, മുറിവുകൾ സ്വയമുണ്ടാക്കിയതാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്. എന്നാലീ മൊഴികളൊന്നും വിശ്വസനീയമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വെന്‍റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 48 മണിക്കൂർ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്‍റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.
- Advertisement -
രക്തധമനികളിൽ രക്തം കട്ടപിടിച്ച അവസ്ഥയിലാണ്. കഴുത്തിന്‍റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്‍റെ മുകൾ ഭാഗം മുതൽ രക്തസ്രാവമുണ്ട്. ഇടതു കൈ രണ്ടിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൂടെ പൊള്ളലുമുണ്ട്. ഒരു മാസം മുതല്‍ 24 മണിക്കൂർ വരെ പഴക്കമുള്ള പരിക്കുകളാണ് കുഞ്ഞിന്‍റെ ദേഹത്തുള്ളത്. അതിനാൽത്തന്നെ സ്വയം പരിക്കേൽപ്പിച്ചതെന്നതടക്കമുള്ള ഒരു മൊഴിയും പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. രണ്ടരവയസ്സുള്ള ഒരു കുഞ്ഞിന് സ്വയമേൽപ്പിക്കാൻ കഴിയുന്നതോ വീണ് പരിക്കേറ്റ നിലയിലോ ഉള്ള പരിക്കുകളല്ല ദേഹത്ത് ഉള്ളത്.
കുട്ടിയുടെ സ്വയം പരിക്കേൽപിച്ചതാണെന്നും, കുട്ടിക്ക് ഹൈപ്പർ ആക്ടീവ് രീതിയാണെന്നും മറ്റുമുള്ള അമ്മയുടെ വാദം പൊലീസ് അമ്പേ തള്ളുന്നു. ഇവരുടെ കൂടെ താമസിക്കുന്ന ആന്‍റണി ടിജിൻ അടക്കമുള്ളവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.
- Advertisement -