Ultimate magazine theme for WordPress.

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ സജ്ജമെന്ന് റഷ്യൻ വാർത്ത ഏജൻസി, രണ്ടായിരത്തിലേറെ ഇന്ത്യക്കാർ ഇനിയും ബാക്കി

0

ദില്ലി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ 130 ബസുകൾ റഷ്യ തയ്യാറാക്കിയതായി റഷ്യൻ വാർത്താ ഏജൻസി. കാർഖിവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യൻ സർക്കാരിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി യുക്രൈന്റെ കിഴക്കൻ നഗരങ്ങളായ കർഖീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഇടങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. റഷ്യയുടെ സഹായത്തോടെ ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.

കിഴക്കൻ യുക്രൈനിലെ രക്ഷാ ദൗത്യം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാമതും ഉന്നതതല യോഗം വിളിച്ചു ചേർത്തു. രക്ഷാദൗത്യത്തിനായി നിയോഗിച്ച മന്ത്രിമാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി റഷ്യ വഴിയുള്ള ഒഴിപ്പിക്കൽ സാധ്യത വീണ്ടും വിലയിരുത്തി. രക്ഷാദൗത്യത്തിന് സജ്ജമാകാൻ വ്യോമസനക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യൻ നിർമ്മിത ഐഎൽ 76 വിമാനം ഇതിനായി സജ്ജമാക്കിയതായി വ്യോമ സേന വൃത്തങ്ങൾ അറിയിച്ചു. റഷ്യയുടെ അനുമതി കിട്ടിയാലുടൻ വിമാനങ്ങൾ പുറപ്പെടും.

- Advertisement -

രണ്ടായിരത്തിലേറെ ഇന്ത്യക്കാർ യുക്രൈനിൽ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. സംഘർഷം അവസാനിക്കാതെ രക്ഷാ ദൗത്യം സുഗമമാകില്ലെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിക്കുന്നത്. കിഴക്കൻ യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കൈമലർത്തിയ വിദേശ കാര്യമന്ത്രാലയം ഇന്ന് അവതരിപ്പിച്ച കണക്കുകൾ പ്രകാരം പിസോച്ചിനിൽ ആയിരം പേരും കാർഖീവിൽ മുന്നൂറു പേരും സുമിയിൽ എഴുനൂറിലേറെ പേരും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ അതിർത്തിയിലെത്തിക്കാൻ കൂടുതൽ ബസുകൾ ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പ്രത്യേക ട്രെയിനുകൾ ഓടിക്കണമെന്നും യുക്രൈനോട് ഇന്ത്യ അഭ്യർത്ഥിച്ചു. എല്ലാവരെയും പുറത്തെത്തിക്കും വരെ രക്ഷാദൗത്യം തുടരും. സംഘർഷാവസ്ഥയാണ് തിരിച്ചടിയാകുന്നത്. വെടിനിർത്തലിനായി റഷ്യയോടും യുക്രൈനോടും അഭ്യർത്ഥിച്ചതായും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.