തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ ഇടുക്കി സിപിഎം സെക്രട്ടറിയുടെ പ്രകോപന പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്. ഇടുക്കി സിപിഎം ജില്ല സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണം. അദ്ദേഹം സംഘർഷമുണ്ടാക്കാൻ പ്രേരിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.
സി വി വർഗീസിനെതിരെ കേസ് എടുക്കണം. കെ.സുധാകരന്റെ ദേഹത്ത് ഒരു മണ്ണ് വീഴാൻ കോൺഗ്രസ് സമ്മതിക്കില്ല. കെ പി സി സി പ്രസിഡന്റിന്റെ ദേഹത്ത് മണ്ണ് വാരിയിടാൻ സിപിഎമ്മിനാകില്ല. ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ മരണത്തിൽ, ജില്ല സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ധീരജ് കൊലപാതകത്തിന് ശേഷം കാര്യങ്ങൾ വെളിപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകനെ വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. കോൺഗ്രസ് ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ല. ധിക്കാരവും ഭീഷണിയും ആണ് സി വി വർഗീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഗുണ്ടാ നേതാവിന്റെ ഭാഷയാണ് അദ്ദേഹത്തിന്റേത്. നികൃഷ്ട ജീവി പരാമർശത്തിന്റെ ചരിത്രം ഓർക്കണം എന്നും വി ഡി സതീശൻ പറഞ്ഞു.
- Advertisement -
കോൺഗ്രസ് പുനസംഘടന സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി ചർച്ച ആയില്ലെന്നും തിരുവനന്തപുരത്ത് ചർച്ചകൾ തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്. ‘സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.
- Advertisement -