Ultimate magazine theme for WordPress.

‘വിധി ഈശ്വരനെ ഓർത്ത്’; പിതാവ് ഗർഭിണിയാക്കിയ 10 വയസുകാരിയുടെ ഗർഭസ്ഥ ശിശുവിനെ പുറത്തെടുക്കാമെന്ന് കോടതി

0

കൊച്ചി: പിതാവ് ഗർഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച് ഗർഭഛിദ്രത്തിനായി മാതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ജീവനുണ്ടെങ്കിൽ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. പത്തുവയസ്സുള്ള പെൺകുട്ടിക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ സങ്കീർണതകളും കോടതി പരിഗണിച്ചു. 10വയസ്സുകാരിയുടെ അമ്മയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി മെഡിക്കൽ ബോർഡിനോട് നിർദേശം തേടിയിരുന്നു.

ഗർഭം 31 ആഴ്ച പിന്നിട്ടെന്നും ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിർദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോർഡ് അറിയിച്ചു. തുടർന്നാണ് ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകിയത്. 24 ആഴ്ച വരെ വളർച്ചയുള്ള ഗർഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

- Advertisement -

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ വേണ്ടതു ചെയ്യാൻ ആശുപത്രി അധികൃതർക്ക് കോടതി നിർദേശെ നൽകി. സ്പെഷലിസ്റ്റുകളിൽനിന്ന് വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത്ത് സർവീസസ് ഡയറക്ടർക്ക് അപേക്ഷ നൽകാം. ഡയറക്ടർ ആവശ്യമായതു ഉടൻ ചെയ്യണമെന്നും കോടതി നിർദേശിച്ചു. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാതാപിതാക്കൾക്ക് സാധിച്ചില്ലൈങ്കിൽ സംസ്ഥാന സർക്കാർ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണം. ചികിത്സയും പരിചരണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകണമെന്നും കോടതി നിർദേശിച്ചു. ബോംബൈ ഹൈക്കോടതി സമാനമായ കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കിൽ കുഞ്ഞിന്റെ ക്ഷേമത്തിനായി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

കേസിൽ ലജ്ജിക്കുകയാണെന്ന് കോടതി പറഞ്ഞു. പത്ത് വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ പിതാവാണ് ആരോപണ വിധേയൻ. സമൂഹം മുഴുവനും നാണത്താൽ തലതാഴ്ത്തണം. നിയമത്തിന് സാധിക്കുന്ന രീതിയിൽ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോർത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.