കൊച്ചി: ഇടപ്പള്ളിയിൽ ഫ്ളാറ്റിലെ താമസക്കാരിയായ വീട്ടമ്മയെ വീണുമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങമ്പുഴ പാർക്കിനു സമീപമുള്ള ഫ്ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന ഒറ്റപ്പാലം അച്ചത്ത് വീട്ടിൽ മോഹന്റെ ഭാര്യ ചന്ദ്രിക (63) ആണ് മരിച്ചത്. 12-ാം നിലയിൽനിന്ന് ഇവർ ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മലേഷ്യയിൽനിന്ന് ഇവരും ഭർത്താവും ശനിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിനു ശേഷമാണ് സംഭവം.
നടക്കാൻ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഭർത്താവ് അമ്പലത്തിൽ പോയതായിരുന്നു. മൂന്നാം നിലയിൽ താമസിക്കുന്ന ഇവർ ലിഫ്റ്റിൽ 12-ാം നിലയിൽ എത്തി, അവിടെ നിന്നു ചാടിയതാകാമെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
- Advertisement -
ഇവരുടെ ശരീരം പാരപ്പറ്റിൽ തട്ടി രണ്ടായാണ് താഴേക്ക് വീണത്. വലതു കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പിറകിലെ അയൽവാസിയുടെ മുറ്റത്തേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയവർ ഫ്ളാറ്റിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു. തുടർന്ന് എളമക്കര പോലീസെത്തി ഫൊറൻസിക് വിഭാഗത്തെ വിവരം അറിയിച്ചു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അഭി, അജയ്. ഇരുവരും വിദേശത്താണ്.
- Advertisement -