ജയ്പുര്‍: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. വനമേഖലയില്‍ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
1800 ഫുട്‌ബോള്‍ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ് ഇതിനകം തന്നെ കത്തിയമര്‍ന്നത്. 24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ തീ പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സരിസ്‌ക കടുവ സങ്കേതത്തില്‍ ഇരുപതിലധികം കടുവകളുണ്ട്.
- Advertisement -
എസ്ടി17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വനപാലകരും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെ 200ല്‍ അധികം ആളുകള്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ സമീപത്തു താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ നാല് ഹെലികോപ്റ്ററുകള്‍ തീയണയ്ക്കാന്‍ സ്ഥലത്തുണ്ട്.
- Advertisement -