Ultimate magazine theme for WordPress.

ശ്രീനിവാസന്‍ വധക്കേസില്‍ നിര്‍ണായക തെളിവ്; സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയില്‍; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

0

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് പ്രതികള്‍ ജില്ലാ ആശുപത്രിയിലുണ്ടായിരുന്നു.

ഇവിടെ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ സംഘം പോയതെന്നാണ് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

- Advertisement -

16-ാം തിയതിയാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. 17-ാം തിയ്യതി രാവിലെയാണ് സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികള്‍ ജില്ലാ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്.

അതേസമയം ശ്രീനിവാസന്‍ കൊലപാതകത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നും, പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.