Ultimate magazine theme for WordPress.

പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം പി ശശിയെ നിയമിച്ചു. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപര്‍ ആയും നിയമിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം സിപിഎം സംസ്ഥാന സമിതി അംഗീകരിച്ചു.

മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിനെ ചിന്ത പത്രാധിപര്‍ ആയി നിയമിച്ചു. എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടേയും ചുമതല പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിഞ്ഞ എസ് രാമചന്ദ്രന്‍പിള്ളയ്ക്ക് നല്‍കി. കൈരളി ടിവിയുടെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്.

- Advertisement -

ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനവും സംസ്ഥാന സമിതി അംഗീകരിച്ചിട്ടുണ്ട്. നേരത്തെ ലൈംഗികാരോപണത്തെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട പി ശശി ഈ സംസ്ഥാന സമ്മേളനത്തോടെയാണ് സിപിഎം സംസ്ഥാന സമിതിയിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണെന്നതും, മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളതുമാണ് പി ശശിക്ക് അനുകൂലമായത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചതും പി ശശിയായിരുന്നു.

നിലവിലെ കണ്‍വീനര്‍ എ വിജയരാഘവന്‍ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇ പി ജയരാജനെ ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുത്തത്. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍. മുഖ്യമന്ത്രി, സിപിഎം സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

ഇതാദ്യമായാണ് ഒരു ജില്ലയില്‍ നിന്നുള്ളവര്‍ ഒരേസമയം ഈ പദവികളിലേക്ക് വരുന്നത്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായ പി ശശി. എല്‍ഡിഎഫിന്റെ എട്ടാമത്തെ കണ്‍വീനറാണ് ഇ പി ജയരാജന്‍.

- Advertisement -

Leave A Reply

Your email address will not be published.