തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവരെ ഉമ്മ വെച്ച ഏതു പൊലീസ് ആണ് കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ വരുന്നവരെ നിയന്ത്രിക്കുക എന്നത് പൊലീസിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
അതിന് ചവിട്ടുകയും കാലു തല്ലിയൊടിക്കുകയുമൊന്നും വേണ്ട. അല്ലാതെ തന്നെ ചെയ്യാന്‍ കഴിയും. പക്ഷെ അവരെ ആശ്ലേഷിച്ച് ചുംബിച്ച പൊലീസ് ഏതു കാലത്ത് ഉണ്ടായിരുന്നോ എന്നും കാനം ചോദിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ ഫലമായി വിപണിവിലയുടെ എത്രയോ ഇരട്ടി നഷ്ടപരിഹാരമായി നല്‍കുന്നുണ്ട്.
- Advertisement -
സിപിഐയുടെ തന്നെ പത്തോളം ഓഫീസുകളാണ് ദേശീയപാതയുടെ വീതി കൂട്ടിയതു മൂലം നഷ്ടമായത്. പഴയതിനേക്കാള്‍ നല്ല ഓഫീസുകള്‍ പണിയാനുള്ള നഷ്ടപരിഹാരമാണ് ലഭിച്ചത്. അവിടെയെല്ലാം ഇപ്പോള്‍ പുതിയ ഓഫീസുകള്‍ പണിയുകയാണ്. സില്‍വര്‍ ലൈനിനെ സംബന്ധിച്ചിടത്തോളം അതിന്റെ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്.
നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ സാമൂഹികാഘാതപഠനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രാവശ്യം പബ്ലിക് ഹിയറിങിന് സാധ്യതയുണ്ട്. ഭൂമി ഉടമകള്‍ക്ക് പരാതി പറയാന്‍ അവസരമുണ്ട്. രണ്ടു വര്‍ഷമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്നെ ഇതു തകര്‍ക്കണമെന്നു ലക്ഷ്യമിട്ടുള്ള സമരത്തെ എതിര്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പോകുന്നതില്‍ തെറ്റില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ വളരെ വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘം പോകുന്നത്. ഇന്ന് മുതല്‍ 29 വരെയാണ് സംഘം ഗുജറാത്തില്‍ തങ്ങുന്നത്.
- Advertisement -