ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ചുവടു പിടിച്ച് സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിയൊരുക്കിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു. ഇതിനിടെ ആരാണ് ഇനിയും ഇന്ധന നികുതി കുറയ്‌ക്കേണ്ടതെന്ന ചര്‍ച്ച സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും സജീവമായി.
- Advertisement -
അതിനിടെ, കേന്ദ്രം ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് തീരുവ ഈടാക്കുന്നതെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറച്ചെങ്കിലും, കോവിഡ് കാലത്തിനു മുമ്പത്തെ നിരക്കിലേക്ക് ഇപ്പോഴും തീരുവ കുറഞ്ഞിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പണനയ അവലോകന യോഗത്തില്‍ സാമ്പത്തിക വിദഗ്ധ അഷിമ ഗോയല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എക്‌സൈസ് തീരുവ 2019ലെ നിരക്കിലേക്ക് എത്തിക്കണമെന്നാണ് അഷിമ യോഗത്തില്‍ പറഞ്ഞത്.
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 27.9 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഈടാക്കുന്നത്. ഡീസലിന് 21.80 രൂപയും. കോവിഡ് പ്രതിസന്ധിക്കിടെ 2020ല്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ സമയത്ത് അതിന്റെ ആനൂകൂല്യം ഉപയോക്താക്കളിലേക്കു കൈമാറാതെ സര്‍ക്കാര്‍ തീരുവ കുത്തനെ ഉയര്‍ത്തിയിരുന്നു. പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് കൂട്ടിയത്.
പെട്രോളിയം മേഖലയില്‍നിന്ന് കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 2014-15 കാലത്തില്‍നിന്ന് 2020-21 എത്തുമ്പോഴേക്കും ഉണ്ടായ വര്‍ധന 233 ശതമാനമാണെന്നാണ് കണക്കുകള്‍. അതേസമയം ഇതേ കാലയളവില്‍ സംസ്ഥാനങ്ങളുടെ പെട്രോളിയം നികുതിയിലുണ്ടായത് 36 ശതമാനത്തിന്റെ വര്‍ധന മാത്രമാണ്.
- Advertisement -