തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ അക്വാട്ടിക്‌സ് മത്സരങ്ങള്‍ നാളെയാരംഭിക്കും. തിരുവനന്തപുരം പിരപ്പന്‍കോട് ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക് സ്‌ട്രോക്, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ്, 200 മീറ്റര്‍ ബാക് സ്‌ട്രോക് ഹീറ്റ്‌സ് മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും. പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, സ്ത്രീകളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, പുരുഷ വനിതാ വിഭാഗം 4*200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4*50 മീറ്റര്‍ മിക്‌സഡ് ഫ്രീസ്റ്റൈല്‍ റിലേ മത്സരങ്ങളുടെ ടൈം ട്രയലും രാവിലത്തെ സെഷനില്‍ പൂര്‍ത്തിയാകും. ഇതിനു ശേഷം പുരുഷ വനിതാ വിഭാഗം വാട്ടര്‍ പോളോ പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. വൈകിട്ട് ആറു മണിമുതല്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. നാളെയാരംഭിക്കുന്ന മത്സരങ്ങള്‍ എട്ടാം തിയതിവരെ നീളും. വാട്ടര്‍ പോളോയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഴാം തിയതിയും ഫൈനല്‍ മത്സരങ്ങള്‍ എട്ടിനും നടക്കും. ഗെയിംസിലെ കബഡി മത്സരങ്ങള്‍ക്കും നാളെ തുടക്കമാകും. കൊല്ലം കടപ്പാക്കട ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ടെന്നിസ്, റെസലിങ് മത്സരങ്ങളും നാളെയാരംഭിക്കും. ടെന്നിസ് മത്സരങ്ങള്‍ ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബിലും റെസലിങ് മത്സരങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലുമാണ് സംഘടിപ്പിക്കുന്നത്.
- Advertisement -