സ്വത്ത് ജപ്തി ചെയ്തിട്ടില്ല, തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കി; അഭിഭാഷകന്റെ ആത്മഹത്യയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിശദീകരണം
കൊച്ചി: പുല്‍പ്പള്ളിയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ജീവനൊടുക്കിയ അഭിഭാഷകന്‍ എംവി ടോമിയുടെ വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ശ്രമിച്ചു വരികയായിരുന്നെന്ന് ബാങ്ക് അറിയിച്ചു. ടോമി നല്‍കിയ ഉറപ്പിന്‍മേല്‍ ഇതുവരെ അദ്ദേഹത്തിന്റെ സ്വത്ത് ജപ്തി ചെയ്തിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ബാങ്കിന്റെ വിശദീകരണത്തില്‍നിന്ന്:
- Advertisement -
ടോമിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പാ അക്കൗണ്ട് 2015 ഡിസംബര്‍ 31ന് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങുകയും ചെയ്തു. വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതു രമ്യമായി സെറ്റില്‍ ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു. ഇതു പ്രകാരം തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നതാണ്.
ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത് കോടതി ഉത്തരവ് പ്രകാരം പൂര്‍ണമായും നിയമപരമായാണ്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ജപ്തി ചെയ്യാന്‍ ജമീലയെ കോടതി നിയോഗിക്കുകയും ചെയ്തു. ഇതു പ്രകാരം തുടര്‍ നടപടികള്‍ക്കായി ഈ മാസം 11ന് അഡ്വക്കറ്റ് കമ്മീഷണര്‍, പൊലീസ്, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഈട് വസ്തു സന്ദര്‍ശിച്ചു. ഉപഭോക്താവും പ്രദേശത്തെ പ്രധാന വ്യക്തികളുമായി ബാങ്ക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 16 ലക്ഷം രൂപ തിരിച്ചടക്കാന്‍ ഉപഭോക്താവ് സന്നദ്ധത അറിയിക്കുകയും ഈ തുക 10 ദിവസത്തിനകം അടയ്ക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആദ്യ ഗഡു എന്ന നിലയില്‍ ഇതേദിവസം തന്നെ നാല് ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. നിശ്ചിത ദിവസത്തിനകം തുക തിരിച്ചടയ്ക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് ഉപഭോക്താവും മധ്യസ്ഥരും ഒപ്പുവച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന് നല്‍കുകയും ചെയ്തു. ഈ ഉറപ്പിന്‍മേല്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുകയും രണ്ട് ഘട്ടങ്ങളായി വിഷയം രമ്യമായി പരിഹരിക്കാമെന്ന് സമ്മതിച്ച് ഇതിലേക്കുള്ള മുന്‍കൂര്‍ തുക കൈപ്പറ്റുകയും ചെയ്തിട്ടുള്ളതാണ്. ഈ ഉറപ്പ് ലഭിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. രമ്യമായി വിഷയം തീര്‍പ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്.
- Advertisement -