കാസര്‍കോട്: കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും, രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി.
- Advertisement -
ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുള്ളതിനാല്‍ ഇന്ന് ഏതുസമയവും ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12 ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്.
- Advertisement -