ആലുവ പാലത്തിൽ നിന്ന് ചാടി അച്ഛൻ ആത്മഹത്യ ചെയ്തത് രണ്ടു മക്കളേയും ബലമായി പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം
കൊച്ചി: ആലുവ പാലത്തിൽ നിന്ന് ചാടി അച്ഛൻ ആത്മഹത്യ ചെയ്തത് രണ്ടു മക്കളേയും ബലമായി പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടിഎച്ച് ഉല്ലാസ് ഹരിഹരനും (ബേബി) മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. ഇടപ്പള്ളി പള്ളിയിൽ പോവുകയാണ് എന്നു പറഞ്ഞാണ് മക്കളേയും കൂട്ടി ഉല്ലാസ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
- Advertisement -
വൈകിട്ട് നാലരയോടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന പാലത്തിൽ എത്തിയ ഉല്ലാസ് ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു. ഇതുകണ്ട് കരയുകയായിരുന്ന പെൺകുട്ടിയെയും ബലം പ്രയോഗിച്ച് പുഴയിലേക്ക് എടുത്തിട്ട ശേഷം ഉല്ലാസും ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുഴയിൽ മീൻ പിടിക്കുന്നവരും മറ്റും ഇവർ ചാടുന്നതു കണ്ടു. ഇവരാണ് ആദ്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്നാണ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്.
കുട്ടികളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. 2 മണിക്കൂർ തിരച്ചിലിനൊടുവിലാണ് ഉല്ലാസിന്റെ മൃതദേഹം കണ്ടെടുത്തത്. പ്ലസ് വൺ വിദ്യാർഥിനിയാണ് കൃഷ്ണപ്രിയ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് ഏകനാഥ്. ഉച്ചയ്ക്ക് കുട്ടികളെ കൂട്ടി ഇടപ്പള്ളി പള്ളിയിൽ പോകുന്നു എന്നു പറഞ്ഞാണ് പോയതെന്ന് ഉല്ലാസിന്റെ ഭാര്യ രാജി പറഞ്ഞതായി പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
- Advertisement -