Ultimate magazine theme for WordPress.

തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തു

0

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തു. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചത് എന്നാണ് പരാതി.

മാര്‍ക്കറ്റ് – പുതിയകാവ് റോഡില്‍ അന്ധകാരത്തോടിന് കുറുകെയായി പൊതുമരാമത്ത് നിര്‍മിക്കുന്ന പാലം എന്ന് പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ചഉറപ്പുകള്‍ പലതും അധികൃതര്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ഇഴഞ്ഞുതന്നെ. തുടക്കം മുതലേ ഇങ്ങനെ ആക്ഷേപം ഉള്ളതാണ്. അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഇരു കരകളും തമ്മില്‍ തൊടാതെ തോട്ടില്‍ തന്നെയാണ് ‘പാലം’. നിരന്തരം വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരുന്ന റോഡിലാണിത്. പഴയകലുങ്ക് പൊളിച്ചപ്പോള്‍ മുതല്‍ ഗതാഗതം ഈ ഭാഗത്ത് ഇല്ല.

- Advertisement -

പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പോലീസ് സ്റ്റേഷനും. രണ്ട് ടാര്‍ വീപ്പ റോഡില്‍ വെച്ചിട്ടുണ്ടാകും എന്നതൊഴിച്ചാല്‍ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ഇതറിയാതെ വന്നതാകാം യുവാക്കള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പറയുന്നു.

പാലത്തിന്റെ ഭിത്തിയില്‍ ചോരപ്പാടും ഉണ്ട്. സമീപത്ത് പച്ചക്കറിക്കടയിലെ ജീവനക്കാരന്‍ രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയിരുന്നു. ബൈക്കും യുവാക്കളും ഈ കുഴിയിലായിരുന്നു. യുവാക്കളുടെ അവസ്ഥ കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ഉറപ്പുപറഞ്ഞ സമയത്ത് ഇവിടെ പാലം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അപകടമോ, ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞ അവസ്ഥയോ ഉണ്ടാകുമായിരുന്നില്ല. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.