കാഴ്ചവെല്ലുവിളി നേരിടുന്നവര്‍ക്ക് ശബ്ദപുസ്തകങ്ങളുടെ ലൈബ്രറി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശ്രുതിപാഠം -സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെയാണ് ശബ്ദപുസ്തകങ്ങൾ നിർമ്മിക്കുന്നത്.
100 ദിവസങ്ങള്‍ കൊണ്ട് നൂറു പുസ്തകങ്ങള്‍ ശ്രവ്യരൂപത്തിലേക്ക് മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് വിഭാവനം ചെയ്യുന്നത്. ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും പാഠപുസ്തകങ്ങളിലും കൈപ്പുസ്തകങ്ങളിലും സൂചിപ്പിച്ചിരിക്കുന്ന റഫറന്‍സ് പുസ്തകങ്ങളുടെ പട്ടികയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 100 പുസ്തകങ്ങള്‍ ആദ്യത്തെ 100 ദിവസം കൊണ്ട് പുറത്തിറക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സഹപാഠിക്ക് ഒരുകൈത്താങ്ങ് എന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ട് മലപ്പുറം ജില്ലയിലെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ എന്‍എസ്എസ് സന്നദ്ധ സേവകരുടെ സേവനം ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച പുസ്തകങ്ങള്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഈ പട്ടികയില്‍ ബാക്കി വരുന്ന പുസ്തകങ്ങളോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന മറ്റ് നിരവധി പുസ്തകങ്ങളും ശ്രവ്യരൂപത്തിലേക്ക് മാറ്റുന്നതിന് എസ്.സി.ഇ.ആര്.ടി. പദ്ധതികള്‍ തയ്യാറാക്കി വരുന്നു.
- Advertisement -
ശാസ്ത്രം വിരല്‍ത്തുമ്പില്‍ – അനുരൂപീകരണ ശാസ്ത്രലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കാഴ്ച കൊണ്ട് മനസിലാക്കേണ്ട പല ശാസ്ത്രതത്വങ്ങളുടെ ആശയങ്ങള്‍ സ്പര്‍ശനത്തിലൂടെ തിരിച്ചറിയാനാകുമെന്നത് കാഴ്ചപരിമിതരായ കുട്ടികളുടെ ശാസ്ത്രപഠനം ഏറെ ആസ്വാദ്യകരവും വിഞ്ജാനപ്രദവും ആക്കിത്തീര്‍ക്കും . ഇവിടെയാണ് Science on Finger Tips എന്ന് പേരിട്ട അനുരൂപീകരണ ശാസ്ത്രലാബ് എന്ന ആശയം പ്രസക്തമാവുന്നത്.
കാഴ്ച പരിമിതരായ കുട്ടികള്‍ക്ക് ശാസ്ത്രപഠനം ലളിതമാക്കുന്നതിനായി വള്ളിക്കാപറ്റ കേരള സ്കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് രൂപകല്‍പ്പന ചെയ്ത അനുരൂപീകരണ ശാസ്ത്രലാബ് ആണ് ‘ശാസ്ത്രം വിരല്‍ത്തുമ്പില്‍’ . പരീക്ഷണങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് ശാസ്ത്രപഠനം മുന്നേറുന്നത് സാധാരണ സ്കൂളുകളില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന എല്ലാ അവസരങ്ങളും അതേ അളവില്‍ തന്നെ കാഴ്ച പരിമിതര്‍ക്ക് കൂടി ലഭ്യമാക്കുക എന്നതാണ് ഈ അനുരൂപീകരണ ശാസ്ത്രലാബ് പ്രാഥമികമായി ലക്ഷ്യമാക്കുന്നത്. പഠനപ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത എണ്‍പതോളം ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ‘ശാസ്ത്രം വിരല്‍ത്തുമ്പില്‍’ എന്ന ലാബ് സംവിധാനം ചെയ്തിരിക്കുന്നത്.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ ശാസ്ത്ര ആശയങ്ങള്‍ വളരെ ലളിതമായി ഗ്രഹിക്കുവാനും ശാസ്ത്ര പാഠപുസ്തകങ്ങളിലെ അടിസ്ഥാന ആശയങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാനും കുട്ടികള്‍ക്ക് ഹയര്‍ സെക്കന്ററി തലത്തില്‍ ശാസ്ത്രം മുഖ്യവിഷയമായി എടുത്തു പഠിക്കുവാനും ‘ശാസ്ത്രം വിരല്‍ത്തുമ്പില്‍’ സഹായിക്കുന്നു. ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണ അഭിരുചി വളര്‍ത്തിയെടുക്കുന്നതിനും ഈ നൂതനമായ ആശയം കൊണ്ട് ലക്ഷ്യം വയ്ക്കുന്നു.
മങ്കട എം എൽ എ മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ജയപ്രകാശ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ.സുപ്രിയ്യ, ഡോ.അഞ്ജന ആർ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
- Advertisement -