സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്തില്‍ പ്രതിയായിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും പറഞ്ഞു. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിയായിട്ടില്ല. കോടികള്‍ അടിച്ചുമാറ്റിപോയിട്ടുണ്ട്, ദുര്‍വിനിയോഗം കാട്ടിയിട്ടുണ്ട്, അഴിമതി കാണിച്ചിട്ടുണ്ട്. പക്ഷേ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ബിരിയാണി പാത്രത്തില്‍ ഭാരമുള്ള സാധനം കൊണ്ടുവന്നു എന്നാണ് സ്വപ്ന പറഞ്ഞത്. ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യമായി കേള്‍ക്കുകയാണ്. ഇതിനേക്കാള്‍ അപമാനകരമായ സംഭവം ഉണ്ടാകുമോ എന്ന് ഈ നാട് ആലോചിക്കേണ്ടതാണ്.
- Advertisement -
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ അഴിമതിക്കേസില്‍ പങ്കുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ സ്വപ്‌ന സുരേഷിന്റെ 164 മൊഴിയും മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലും സത്യാവസ്ഥ തുറന്നുപറച്ചിലും കേരളത്തിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ ഭയപ്പെടുത്തിയിരിക്കുന്നു.
മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ സാധിക്കുമോ എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ഭീകരമായ അഴിമതിക്കേസില്‍ പ്രതിയായി ജനങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല. അതുകൊണ്ട് തന്നെ ആത്മാഭിമാനം ഉണ്ടെങ്കില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം അദ്ദേഹം കാണിക്കണം.
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ആ കസേരക്കും ജനാധിപത്യസംവിധാനത്തിനും അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഈ കേസൊക്കെ തേഞ്ഞുമാഞ്ഞുപോകും. സ്വപ്‌നയുടെ ആരോപണത്തില്‍ അന്വേഷണം നടക്കട്ടെയെന്നും സത്യാവസ്ഥ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -