തൊടുപുഴ: സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിനെതിരേ ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രതിേഷധ പ്രകടനങ്ങളുംനടക്കും.
സംരക്ഷിതവനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ ജനതാത്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ പോര്‍മുഖം തുറന്നുകൊണ്ടാണ് ഹര്‍ത്താലാചരണം.
- Advertisement -
ഇടുക്കിയിലെ ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ജില്ലയുടെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോതമംഗലത്തെ അതിര്‍ത്തി പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തും. 16-ന് യു.ഡി.എഫിന്റെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടക്കുന്നുണ്ട്. വിവിധ കര്‍ഷകസംഘടനകളും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍നിലപാടില്‍ ഉറ്റുനോക്കി…
വനത്തിനുചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോലമാക്കണമെന്ന നിര്‍ദേശത്തില്‍ കേരളസര്‍ക്കാരിന്റെ നിലപാടുകളെയാണ് ഇടുക്കി ഉറ്റുനോക്കുന്നത്. ഉത്തരവിനെതിരേ സുപ്രീംകോടതിയില്‍ തിരുത്തല്‍ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വനം-പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ എംപവേര്‍ഡ് കമ്മിറ്റിയെയും സമീപിക്കാന്‍ തീരുമാനമുണ്ട്.
എന്നാല്‍, 2018-ലെ പ്രളയത്തിനുശേഷം പരിസ്ഥിതിസംരക്ഷണത്തിനായി സംരക്ഷിതവനാതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ പ്രദേശത്ത് ഖനനം നിരോധിച്ച് സര്‍ക്കാര്‍ 2019-ല്‍ ഉത്തരവിറക്കിയിരുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍ ഈ ഉത്തരവ് അതിന് വിലങ്ങുതടിയാകുമോ എന്നാണ് ആശങ്ക.
എന്നാല്‍, രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുകളുടെ അഭിപ്രായം തേടിയില്ലെന്ന വാദം കേരളത്തിന് മുന്നോട്ടുവയ്ക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോടതി കേരളത്തിന്റെ വാദം പരിഗണിച്ചില്ലെങ്കില്‍ നിര്‍ദേശം നടപ്പാക്കേണ്ടിവരും. അപ്പോള്‍ പുതിയ നിയമനിര്‍മാണമല്ലാതെ മറ്റൊരു പോംവഴിയുമുണ്ടാകില്ല.
- Advertisement -