ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ മരണ വാര്‍ത്ത നിഷേധിച്ച് കുടുംബം. മുഷാറഫ് വെന്റിലേറ്ററില്‍ ആണെന്ന വാര്‍ത്തകളെയും, അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ കുടുംബം തള്ളി.
- Advertisement -
”അദ്ദേഹം വെന്റിലേറ്ററില്‍ അല്ല. മൂന്നാഴ്ചയായി പര്‍വേസ് മുഷാറഫ് ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. അസുഖം പൂര്‍ണമായി ഭേദപ്പെടാനുള്ള സാധ്യത വിരളമാണ്. അദ്ദേഹത്തിനു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതിനു വേണ്ടി പ്രാര്‍ഥിക്കുക”- കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ്മുഷാറഫ് 1999 ഒക്ടോബര്‍ 12നു നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വര്‍ഷം വിദേശത്ത് താമസിച്ച മുഷറഫ് 2013 മാര്‍ച്ച് മാസത്തില്‍ പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
2007 ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തില്‍ ജഡ്ജിമാരെ തടവില്‍ പാര്‍പ്പിച്ചെന്ന കുറ്റത്തില്‍ 2013 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
- Advertisement -