Ultimate magazine theme for WordPress.

കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയില്‍

0

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ മുന്‍ ജീവനക്കാരന്‍ പിടിയില്‍. എടപ്പാള്‍ സ്വദേശിയായ സാദിഖി(22)നെയാണ് പോലീസ് ഒരു ഹോംസ്‌റ്റേയില്‍നിന്ന് പിടികൂടിയത്. പെട്രോള്‍ പമ്പില്‍നിന്ന് കവര്‍ന്ന അരലക്ഷം രൂപയില്‍ ബാക്കിയുണ്ടായിരുന്ന 30000 രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെ 1.40-ഓടെയാണ് കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. കറുത്തവസ്ത്രമണിഞ്ഞ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരനെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി കെട്ടിയിട്ട് പണം കവരുകയായിരുന്നു. സംഭവത്തില്‍ പമ്പിലെ മുന്‍ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് സാദിഖിലേക്ക് സംശയം നീണ്ടത്.

- Advertisement -

അന്വേഷണത്തിന്റെ ഭാഗമായി പമ്പിലെ മുന്‍ജീവനക്കാരെയെല്ലാം പോലീസ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സാദിഖിന്റെ ഫോണ്‍ മാത്രം സ്വിച്ച് ഓഫായിരുന്നു. ഇതോടെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

പണത്തിന് ആവശ്യം വന്നതിനാലാണ് നേരത്തെ ജോലിചെയ്ത പമ്പില്‍ തന്നെ മോഷണം നടത്താന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി. രാത്രി 12 മണി കഴിഞ്ഞാല്‍ ഒരുജീവനക്കാരന്‍ മാത്രമാണ് പമ്പിലുണ്ടാവുകയെന്നും പണം ഓഫീസില്‍ സൂക്ഷിക്കുമെന്നും യുവാവിന് അറിയാമായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ പമ്പിന് സമീപമെത്തി ഒരു മണിക്കൂറോളം കാത്തിരുന്നു. തുടര്‍ന്ന് മറ്റുജീവനക്കാര്‍ മടങ്ങിയെന്ന് ഉറപ്പുവരുത്തിയതോടെയാണ് ഓഫീസിലിരുന്ന് പണം എണ്ണുകയായിരുന്ന ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.

കറുത്ത വസ്ത്രം ധരിച്ചതും കവര്‍ച്ചയ്ക്കിടെ ഹിന്ദി സംസാരിച്ചതും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മുഖംമൂടി അണിയുകയും കൈകളില്‍ ഗ്ലൗസ് ധരിക്കുകയും ചെയ്തിരുന്നു.ഹിന്ദി സിനിമകളായിരുന്നു ഇതിന് പ്രചോദനം. പ്രത്യേകരീതിയിലുള്ള കറുത്ത കോട്ടാണ് പ്രതി ധരിച്ചിരുന്നത്. ഇതും പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി.

നേരത്തെ കോഴിക്കോട്ടെ ബേക്കറിയിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലിചെയ്തിരുന്ന പ്രതി ആദ്യമായാണ് മോഷണം നടത്തുന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപവിലവരുന്ന ബൈക്കും വിലകൂടിയ മൊബൈല്‍ഫോണുമാണ് യുവാവ് ഉപയോഗിക്കുന്നത്. ഇതിന്റെ വായ്പ തിരിച്ചടവിനായാണ് (ഇ.എം.ഐ) കവര്‍ച്ച നടത്തിയ പണത്തില്‍ ഇരുപതിനായിരം രൂപ ചെലവഴിച്ചതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി പോലീസ് പെട്രോള്‍ പമ്പിലെത്തി തെളിവെടുപ്പ് നടത്തി.

- Advertisement -

Leave A Reply

Your email address will not be published.