കൊച്ചി: കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ഇത് ജനുസ് വേറെയാണ് ഇങ്ങോട് കളിവേണ്ട എന്ന് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാര്‍ക്കും മുഖ്യമന്ത്രിക്കും നല്ലത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂര്‍ണമായി ശരിവെക്കുന്നതാണ് ഇത്. നരേന്ദ്രമോദി എന്തെല്ലാമാണ് ചെയ്യുന്നത് അതെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കുന്നു.
- Advertisement -
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. നാല്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വണ്ടി, മെഡിക്കല്‍ ടീം, ആംബുലന്‍സ് അടങ്ങി 35-40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്. പോകുന്ന വഴിയില്‍ 20 മീറ്റര്‍ അകലം പാലിച്ച് പോലീസ് നില്‍ക്കുകയാണ്. ഏത് ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്. 300 മുതല്‍ 500 വരെ പോലീസുകാരെയാണ് ഓരോ പരിപാടിക്കും നിയോഗിക്കുന്നത്.
2016-ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഒരു അവതാരങ്ങളേയും ഭരണത്തില്‍ കാണില്ലെന്നാണ് പറഞ്ഞത്. ഒന്‍പതാമത്തെ അവതാരമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പഴയകാല മാധ്യമപ്രവര്‍ത്തകന്‍. അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാന്‍ വയ്യ. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിനും വഴിയിലുമെല്ലാം അവതാരങ്ങളാണ്. എന്തുകൊണ്ടാണ് ഈ പുതിയ അവതാരത്തിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാക്കാത്തതെന്നും സതീശന്‍ ചോദിച്ചു.
- Advertisement -