Ultimate magazine theme for WordPress.

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുറത്തേക്ക്; നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി

0

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നേതൃയോഗം വിളിച്ചു. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിരിച്ചുവിടുന്ന സാഹചര്യം ഒരുങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റില്‍ കുറിച്ചു.

മന്ത്രിസഭ രാജിവെച്ചേക്കുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന്, ആദിത്യ താക്കറെ ട്വിറ്ററില്‍ നിന്നും ടൂറിസം മന്ത്രി എന്ന പദവി നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, വിമതര്‍ക്ക് പിന്തുണയുമായി ഒരു ശിവസേന എംഎല്‍എ കൂടി രംഗത്തെത്തി. യോഗേഷ് കദം ആണ് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേരാന്‍ തയ്യാറെടുക്കുന്നത്. മുതിര്‍ന്ന ശിവസേന നേതാവ് രാംദാസ് കദത്തിന്റെ മകനാണ് യോഗേഷ്. അതേസമയം വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

- Advertisement -

അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടി പോരാട്ടം തുടരും. ആശയാദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും റാവത്ത് പറഞ്ഞു. ഇഡിയുടെ ഇടപെടലുകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന നേതാവ് അരവിന്ദ് സാവന്ത് കുറ്റപ്പെടുത്തി. ശിവസേനയിലുണ്ടായത് അവരുടെ ആഭ്യന്തരകാര്യമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അതില്‍ ഇടപെടരുതെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പവാര്‍ നിര്‍ദേശം നല്‍കി. രാവിലെ പവാര്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീലുമായി ചര്‍ച്ച നടത്തി.

അതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിരോധമില്ലെന്ന് ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്‍സിപിയുടേയും കോണ്‍ഗ്രസ് മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങളോടാണ് പരാതിയെന്നും വിമതര്‍ ചൂണ്ടിക്കാണിച്ചതായാണ് സൂചന. പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ പാര്‍ട്ടി എംഎല്‍എമാര്‍ മുംബൈയില്‍ ഉണ്ടാകണമെന്ന് ബിജെപി നിര്‍ദേശം നല്‍കി. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ, കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.