Ultimate magazine theme for WordPress.

ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് ആദ്യഘട്ടമായി 96 കോടി അനുവദിച്ചു: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

ഒരുങ്ങുന്നത് ഓപ്പണ്‍ എയര്‍ തിയേറ്റര്‍ മുതല്‍ സാഹസിക വാട്ടര്‍ സ്പോര്‍ട്ട്സ് വരെ വിശാലമായ കാര്‍പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട് സൗകര്യങ്ങള്‍ പ്രധാന ആകര്‍ഷണമാകും

0

തിരുവനന്തപുരം ജില്ലയിലെ പ്രധാന ജലാശയമായ ആക്കുളം കായലിനെ പുനരുജ്ജീവിപ്പിച്ച് ജില്ലയിലെ വിനോദസഞ്ചാര, ജലവിഭവ മേഖലക്ക് പുത്തനുണര്‍വേകുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന നീര്‍ത്തട പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കായല്‍ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ ആക്കുളം കായലിന്റെ സമഗ്രമായ പുനരുജ്ജീവനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി അനുവദിച്ച 185.23 കോടിയില്‍ നിന്നും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള 96 കോടി രൂപയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

ഒരുകാലത്ത് തിരുവനന്തപുരം ജില്ലയിലെ അതീവസുന്ദരമായ വിനോദസഞ്ചാര കേന്ദ്രമായിരുന്നു ആക്കുളം കായലും സമീപ പ്രദേശങ്ങളും. എന്നാല്‍ ഇന്ന് നടപ്പാതകള്‍ തകരുകയും ആഫ്രിക്കന്‍ പായലും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ് കായലിന്റെ സൗന്ദര്യം നഷ്ടപ്പെട്ട അവസ്ഥയാണ്. ഈ അവസ്ഥയില്‍ നിന്നും ആക്കുളം കായലിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ തന്നെ തുടങ്ങിയിരുന്നു. ആക്കുളം കായല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രിയും കഴക്കൂട്ടം എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

രണ്ടുവര്‍ഷത്തെ കാലാവധിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 15 വര്‍ഷത്തെ പരിപാലന ചുമതലയും കരാറേറ്റെടുക്കുന്ന കമ്പനിയില്‍ നിക്ഷിപ്തമാണ്. ഫ്ളോട്ടിംഗ് മാലിന്യവും കുളവാഴയും നീക്കം ചെയ്യുന്നതിനോടൊപ്പം കായലിന്റെയും അനുബന്ധ തോടുകളുടെയും ജലശുദ്ധീകരണ പ്രവര്‍ത്തനങ്ങളും നടക്കും. ഇതിനുപുറമെ എന്‍ട്രന്‍സ് പ്ലാസ, ഫുഡ് കോര്‍ട്ട്, റെയില്‍ ഷെല്‍ട്ടര്‍, വെറ്റ്ലാന്റ് പാര്‍ക്ക്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ ജിം, ബയോ ഫെന്‍സിംഗ്, ടോയ്ലറ്റ്, കാര്‍പാര്‍ക്കിംഗ് എന്നീ സംവിധാനങ്ങളുമൊരുക്കും.

കൂടാതെ കായലില്‍ ബോട്ടിംഗ് ആരംഭിക്കുകയും സാഹസിക വാട്ടര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യും. ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദവുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -

Leave A Reply

Your email address will not be published.