Ultimate magazine theme for WordPress.

വീട്ടിൽ അതിക്രമിച്ചു കയറി; ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

0

കൊച്ചി: വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അനാഥാലയത്തിലെ അന്തേവാസിയായ ആൾ പിടിയിലായി. തമിഴ്നാട് സ്വദേശിയും തൃശ്ശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയുമായ അബൂബക്കര്‍ സിദ്ദിഖ് (27) ആണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

 

- Advertisement -

അയ്യപ്പന്‍കാവില്‍ വാടകയ്ക്ക് താമസിക്കുന്ന തെലങ്കാന സ്വദേശിനിയുടെ ഏഴ് വയസുകാരിയായ മകളെയാണ് ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. അക്രമിയുടെ കൈയില്‍ കുട്ടി കടിച്ച് പിടി വിടുവിച്ചതും അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇടപെട്ടതുമാണ് രക്ഷയായത്. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് ഈ കുടുംബത്തെ മുന്‍പരിചയമൊന്നും ഉണ്ടായിരുന്നില്ല. കഴുത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

യുവതിയുടെ ഭര്‍ത്താവ് കാക്കനാട് സ്മാര്‍ട്ട് സിറ്റി ജീവനക്കാരനാണ്. ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി.

ഇതോടെ അക്രമി വീടിനുള്ളിലേക്ക് കയറി. അകത്ത് ഉറങ്ങിക്കിടന്ന ഇളയമകള്‍ അമ്മയുടെ കരച്ചില്‍കേട്ട് എഴുന്നേറ്റ് അലറിക്കരഞ്ഞു. ഇതോടെ അബൂബക്കര്‍ കുട്ടി കിടന്ന മുറിയില്‍ കയറി വാതിലടച്ചു. പിന്നീട് കുട്ടിയെ വലിച്ചിഴച്ച് കുളിമുറിയിലെത്തിച്ച് ബക്കറ്റില്‍ പലതവണ തല മുക്കിപ്പിടിച്ചു.

അബൂബക്കറിന്റെ കൈയില്‍ കുട്ടി ശക്തിയായി കടിച്ചതോടെ ഇയാള്‍ പിടിവിട്ടു. എന്നാൽ കുട്ടിയുടെ ബോധം അപ്പോഴേക്കും പോയിരുന്നു. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അബൂബക്കര്‍ വാതില്‍ തുറന്ന് പുറത്തു വന്നു. നാട്ടുകാര്‍ ഇയാളെ തടഞ്ഞു വെച്ചു. പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഏറെക്കാലമായി അങ്കമാലിയിലായിരുന്ന അബൂബക്കര്‍ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

- Advertisement -

Leave A Reply

Your email address will not be published.