Ultimate magazine theme for WordPress.

മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി

0

കൂത്തുപറമ്പ് : മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്.
സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ അങ്ങനെ ഒരു കമ്പനിയില്ലെന്ന് വ്യക്തമായി. പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എന്ന പേരില്‍ ബാങ്കോക്കിലും തായ്ലന്‍ഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണ് ഇതില്‍ കണ്ണികളായത്. ഒരുലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഓരോവര്‍ഷവും വലിയ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്.

- Advertisement -

ഇതിനായി വിവിധ ജില്ലകളില്‍ ഏജന്റുമാരും ഉണ്ടായിരുന്നു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനും യൂസര്‍ ഐ.ഡി.യും പാസ്വേര്‍ഡും നല്‍കും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നല്‍കി വിശ്വാസ്യത പിടിച്ചുപറ്റി. എന്നാല്‍ പിന്നീട് ആര്‍ക്കും പണം ലഭിക്കാതായി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

കൂത്തുപറമ്പ് മേഖലയിലും ഒട്ടേറെപ്പേരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ഇവര്‍ കൂത്തുപറമ്പ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസി. പോലീസ് കമ്മിഷണര്‍ പ്രദീപന്‍ കണ്ണിപ്പൊയില്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയും കമ്പനിയുടെ സി.ഇ.ഒ.യുമായ മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കവെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

തൃശ്ശൂര്‍, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എറണാകുളം തുടങ്ങിയ ജില്ലകളിലും സമാനമായ കേസുണ്ട്. മട്ടന്നൂര്‍ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാംപ്രതി. കൂടാതെ കമ്പനിയുടെ 12-ഓളം ഡയറക്ടര്‍മാരും പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുഹമ്മദ് ഫൈസലിനെ റിമാന്‍ഡ് ചെയ്തു.

 

- Advertisement -

Leave A Reply

Your email address will not be published.