Ultimate magazine theme for WordPress.

‘സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതം’

0

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത് വൈകിയാണെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സാഹചര്യം നോക്കി സ്‌കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണം. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

- Advertisement -

നാളെ വരെ കേരളത്തില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.  ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് അതീവഗൗരവകരമാണ്. ആളുകളെ മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്‌കൂളുകളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ആ വാഹനങ്ങളില്‍ തീരപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ അത്തരം സ്ഥലങ്ങളിലേക്കുള്ള രാത്രി യാത്ര പാടില്ല. ഫ്‌ലഡ് ടൂറിസം ഒരുതരത്തിലും അനുവദിക്കാനാവില്ല. പുഴയിലും മറ്റും ആരും ഇറങ്ങരുത്. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി, ഇരട്ടയാര്‍, കുണ്ടള,  മൂഴിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് കൂടി തുറക്കേണ്ട സ്ഥിതിവിശേഷമാണ് ഉള്ളത്. അതിനാലാണ് ആളുകള്‍ മാറണമെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആളുകള്‍ ഒരു കാരണവശാലും മീന്‍പിടിക്കാന്‍ പോകരുത്. കാറ്റിന്റെ വേഗത കൂടിയിട്ടുണ്ട്. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റിന്റെ ഗതി പോകുന്നത്. ഇതെല്ലാം മഴയുടെ ഗതി മാറ്റുന്നുണ്ട്. ചാലക്കുടിയില്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ബോട്ടും ആവശ്യമെങ്കില്‍ ഉപയോഗിക്കും. സംസ്ഥാനത്ത് എന്‍ഡിആര്‍എഫിന്റെ ഒമ്പത് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒരു ടീമിനെ കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, പിഎച്ച്‌സി, സിഎച്ച്‌സികളിലെ ഡോക്ടര്‍മാര്‍, ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഏതാണോ അവരുടെ പ്രവര്‍ത്തന കേന്ദ്രം, അവിടെത്തന്നെ 48 മണിക്കൂര്‍ തങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകെ 191 ദുരിതാശ്വാസ ക്യാമ്പുകളിലായി 5648 പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.