Ultimate magazine theme for WordPress.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം രണ്ടുദിവസത്തിനകം: ഗതാഗതമന്ത്രി

0

തിരുവനന്തപുരം: വരുമാനം കൊണ്ട് മാത്രം കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കാന്‍ സാധിക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇന്നും നാളെയുമായി ശമ്പളം കൊടുത്തുതീര്‍ക്കും. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ നേതാക്കളുമായി 17ന് ചര്‍ച്ച നടത്തുമെന്നും ആന്റണി രാജു കോഴിക്കോട് പറഞ്ഞു.

 

- Advertisement -

കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് മാത്രം ചെലവ് വഹിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മാസം 30 കോടി രൂപ ധനസഹായമായി ലഭിച്ചു. കഴിഞ്ഞാഴ്ച കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് ഉത്തരവായിട്ടുണ്ട്. ക്ലിയറന്‍സ് എല്ലാം പൂര്‍ത്തിയാക്കി ഇന്നും നാളെയുമായി അവശേഷിക്കുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, ഹൈക്കോടതിയുടെ കോടതിയലക്ഷ്യ മുന്നറിയിപ്പിനിടെ, ശമ്പളം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് കെഎസ്ആര്‍ടിസി 103 കോടി രൂപ തേടി . പത്തിന് മുന്‍പ് ശമ്പളം നല്‍കണമെന്ന ഉത്തരവ് പാലിക്കാത്ത പശ്ചാത്തലത്തിലാണ് സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. അതേസമയം 41,000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല.

50 കോടി ജൂലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനും 50 കോടി നിലവിലെ ഓവര്‍ ഡ്രാഫ്റ്റ് അടച്ചുതീര്‍ക്കാനും മൂന്നു കോടി ഓവര്‍ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനും ആവശ്യമാണ്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി ധനവകുപ്പിനെ സമീപിച്ചത്. ഡീസല്‍ വിതരണക്കാര്‍ക്കുള്ള കുടിശിക തീര്‍ക്കാന്‍ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ച 20 കോടി ഇന്ന് അക്കൗണ്ടിലെത്തുകയേയുള്ളു.

അതേസമയം,  41000 പെന്‍ഷന്‍കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ ഇനിയും ലഭിച്ചിട്ടില്ല. സഹകരണ സംഘങ്ങള്‍ വഴി അടുത്ത ഒരു വര്‍ഷത്തേക്കുള്ള പെന്‍ഷന്‍ വിതരണത്തിന് ധന, ഗതാഗത, സഹകരണ വകുപ്പുകള്‍ ധാരണാപത്രം ഒപ്പുവച്ചെങ്കിലും പലിശയുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.