തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലയിടങ്ങളില്‍ സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രം പങ്കെടുക്കുന്ന ഒന്നാണെന്ന് പറയാന്‍ പറ്റില്ല. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്‌നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
- Advertisement -
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. ബൃഹദ് പദ്ധതി നടപ്പാക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാണ്. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2016 ല്‍ പുലിമുട്ട് ഇടാൻ ആരംഭിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദ്ദം ഇവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിര്‍മാണം ആരംഭിച്ചതിന് ശേഷം പ്രദേശത്തിന്റെ അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മ്മാണമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും. നിര്‍മ്മാണം നിര്‍ത്തിയാല്‍ വ്യവസായ പ്രതിച്ഛായയെ ബാധിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തീരശോഷണത്തില്‍ ആദാനിയേടും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം പദ്ധതിക്കെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവും തീരശോഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം സഭയില്‍ പരാമര്‍ശിച്ചത്.
മാസങ്ങളായി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ സമരത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ലെന്ന് വിന്‍സെന്റ് വിമര്‍ശിച്ചു. 245 കുടുംബങ്ങള്‍ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണില്‍ ഒരു വര്‍ഷത്തോളമായി കഴിയുകയാണ്.
മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ആ ഗോഡൗണെന്നും വിന്‍സെന്റ് പറഞ്ഞു. വളരെ ദയനീയമായ ജീവിതമാണ് അവിടെ. ഒരു മന്ത്രിമാര്‍ പോലും അവിടേക്ക് കടന്നുചെന്നിട്ടില്ല. ഏതെങ്കിലും മന്ത്രി അവിടെ ചെന്ന് അവിടെതാമസിക്കുന്നവരുടെ ദുരിതം നേരിട്ടുകാണാന്‍ തയ്യാറുണ്ടോയെന്നും വിന്‍സെന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു എന്നവകാശപ്പെടുന്നവര്‍ എന്തുകൊണ്ട് ഇവരെ തിരിഞ്ഞുപോലും നോക്കിയില്ല. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും വിന്‍സെന്റ് ചോദിച്ചു.
- Advertisement -