കൊച്ചി: മൂവാറ്റുപുഴയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ അടുത്ത് ഉടുമ്പിനെ കണ്ട് അമ്മയ്ക്ക് ബോധക്ഷയം. മൂവാറ്റുപുഴ നഗരത്തില്‍ ഉടുമ്പ് ശല്യം രൂക്ഷമായിരിക്കുകയാണ്.
മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലാണ് ഉടുമ്പ് ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കച്ചേരിത്താഴത്ത് യൂണിയന്‍ ബാങ്ക് എടിഎമ്മില്‍ പണം എടുക്കാനെത്തിയ ആള്‍ ഉടുമ്പിന്റെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള വീടുകളില്‍ നിന്ന് കോഴികളെയും മറ്റും ഉടുമ്പ് പിടിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
- Advertisement -
നേരത്തെ മുതല്‍ ഉടുമ്പുകള്‍ നഗരത്തില്‍ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പെരുകിയിരിക്കുകയാണ്. കണ്ണു തെറ്റിയാല്‍ വീടിന്റെ അടുക്കളയിലും കിടപ്പു മുറികളിലും വരെ എത്തുന്നതിനാല്‍ ഭീതിയിലാണ് നാട്ടുകാര്‍.
മൂവാറ്റുപുഴയാറില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തതിനു പിന്നാലെയാണ് ഉടുമ്പിന്റെ ശല്യം വര്‍ധിച്ചത്. പുഴതീരത്തുള്ള കുറ്റിക്കാടുകളില്‍ പാമ്പുകളെക്കാള്‍ കൂടുതല്‍ ഉടുമ്പുകളാണെന്നാണ് പരിസരവാസികള്‍ പറയുന്നത്.
- Advertisement -