കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂരില്‍ പെട്രോള്‍ ബോംബേറ്. പുലര്‍ച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല.
- Advertisement -
ഉളിയില്‍ നരയന്‍പാറയിലാണ് സംഭവം. അതേസമയം കണ്ണൂരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹന ഗതാഗതം നിലച്ചു. അപൂര്‍വം ചില കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളപട്ടണത്തും തളിപ്പറമ്പിലും ടയറുകള്‍ റോഡിലിട്ട് കത്തിച്ചു. പൊലീസ് ഇവ നീക്കം ചെയ്തു.
കണ്ണൂര്‍ നഗരത്തില്‍ കാപിറ്റോള്‍ മാളിന് മുന്നില്‍ ഹര്‍ത്താലനുകൂലികള്‍ ചരക്കുലോറികള്‍ തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി. ഇതോടെ ലോറികള്‍ ദേശീയപാതയില്‍ കുടുങ്ങി. വാഹനങ്ങള്‍ മാറ്റാന്‍ സാധിക്കാതായതോടെ ഗതാഗതം വഴിതിരിച്ചു വിടുകയാണ്.
കോഴിക്കോട്ട് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു.
വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ട് ലോറികളുടെയും ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
ഹര്‍ത്താലിനിടെ ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. അതിനിടെ യാത്രക്കാര്‍ കുറവാണെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോയും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. എന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
- Advertisement -