തൃശ്ശൂര്‍: ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ, പൊലീസ് ഞെട്ടി. ഭാര്യയുടെ ബിസിനസ് തകരുന്നതിന് ഭര്‍ത്താവ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതായുള്ള പ്രതിയുടെ മൊഴിയാണ് അമ്പരപ്പ് ഉളവാക്കിയത്.
- Advertisement -
വാടാനപ്പള്ളി രായമരക്കാര്‍ വീട്ടില്‍ സുഹൈലിനെ (44) തൃശ്ശൂര്‍ സിറ്റി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പഴയ കേസുകള്‍ തെളിഞ്ഞത്. ചിറ്റാട്ടുകര സെയ്ന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍നിന്ന് മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി കൊഴിഞ്ഞാമ്പാറ വലിയവല്ലപ്പതി മലക്കാട് വീട്ടില്‍ ഷമീര്‍ (32) ജയിലിലാണ്.
ഷമീറിനെ ചോദ്യംചെയ്തതില്‍നിന്നാണ് സുഹൈലിന്റെ പങ്ക് വെളിവായത്. സുഹൈലിനെ ചോദ്യംചെയ്തതില്‍ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. പാലക്കാട് ചിറ്റൂരില്‍ ബിസിനസ് നടത്തിയിരുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഒരു കേസില്‍പെട്ട് ജയിലില്‍ കഴിയവേയാണ് സുഹൈലുമായി പരിചയത്തിലാവുന്നത്. ഭാര്യ നടത്തിവന്ന ബിസിനസ് എങ്ങനെയെങ്കിലും തകര്‍ക്കണമെന്ന് പറഞ്ഞ് ക്വട്ടേഷന്‍ നല്‍കിയതായാണ് ചോദ്യം ചെയ്യലില്‍ സുഹൈല്‍ വെളിപ്പെടുത്തിയത്.
ജയിലില്‍നിന്ന് ഇറങ്ങിയശേഷം, ക്വട്ടേഷന്‍ നല്‍കിയയാളുടെ ഭാര്യ നടത്തിവന്ന ബിസിനസ് സ്ഥാപനത്തില്‍ കയറി കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവ മോഷ്ടിച്ചു. ഈ കേസില്‍ ഇതുവരെയും പ്രതിയെ പിടികൂടിയിരുന്നില്ല. മോഷണം നടത്തിയ മുതലുകള്‍ വില്‍പ്പന നടത്തി സുഖജീവിതം നയിച്ചുവരവേ, പൊന്നാനിയിലാണ് ഇയാള്‍ അറസ്റ്റിലായത്. അറസ്റ്റിലായ സുഹൈലിനെ കോടതി റിമാന്‍ഡ് ചെയ്തു.
- Advertisement -