പത്തനംതിട്ട: മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് കാല്‍ നടയാത്രക്കാരനായ വ്യാപാരി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കൈപ്പട്ടൂര്‍ മൂന്നാം കലുങ്കിന് സമീപം ചായക്കട നടത്തുന്ന ഞാറക്കൂട്ടത്തില്‍ ജയിംസ് (61) ആണ് മരിച്ചത്. ഓട്ടത്തിനിടയില്‍ വഴിയില്‍ ഇടിച്ച മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.
- Advertisement -
കൈപ്പട്ടൂര്‍ -ചന്ദനപ്പള്ളി റോഡില്‍ മൂന്നാം കലുങ്കില്‍ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന തട്ട മില്‍മ യൂണിറ്റിലെ ഡ്രൈവര്‍ രജിഷ് (37) പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അര്‍ച്ചന (38) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴംകുളം -കൈപ്പട്ടൂര്‍ സംസ്ഥാന പാതയില്‍ കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മാരുതി കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഇത് വഴി നടന്നു വരികയായിരുന്ന ജയിംസിന്റെ മേല്‍ പാഞ്ഞു കയറിയത്. ഇതിനുശേഷം സമീപത്തെ വെയിറ്റിങ് ഷെഡില്‍ ഇടിച്ച് വയലിലേക്ക് നീങ്ങിയാണ് കാര്‍ നിന്നത്. രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു. കാറില്‍ നിന്ന് ബിയര്‍ കുപ്പികളും കണ്ടെടുത്തു.
- Advertisement -