Ultimate magazine theme for WordPress.

മോഷണത്തിനായി വികസിപ്പിച്ചത് 100 ‘ടൂള്‍സ്’, ലക്ഷങ്ങളുടെ നിക്ഷേപം ഓഹരി വിപണിയില്‍; വ്യത്യസ്തനാമൊരു കള്ളന്‍

0

കൊച്ചി:  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമാണ് മോഷണത്തില്‍ എത്തിച്ചേര്‍ന്നത് എന്നാണ് പല മോഷ്ടാക്കളും മനസ് തുറന്നപ്പോള്‍ വെളിയില്‍ വന്നത്. മുന്നില്‍ മറ്റു വഴികള്‍ അടഞ്ഞതോടെ, ജീവിക്കാനായി മോഷണത്തിന് ഇറങ്ങിതിരിച്ചു എന്നതാണ് ഇവരുടെ ഒറ്റവരിയിലുള്ള മറുപടി. ഇതില്‍ നിന്ന് വ്യത്യസ്തനാകുകയാണ് കഴിഞ്ഞയാഴ്ച പെരുമ്പാവൂരില്‍ മോഷണശ്രമത്തിനിടെ പിടിയിലായ ജോസ് മാത്യു എന്ന 50കാരന്‍.

- Advertisement -

 

നിരവധി മോഷണക്കേസുകളിലെ പ്രതിയായ ജോസ് മാത്യു മറ്റു മോഷ്ടാക്കളില്‍ നിന്ന് വ്യത്യസ്തമായി ഇതിനെ പ്രൊഫഷനായി കണ്ട് വേറിട്ട മോഷണരീതിയാണ് പിന്തുടരുന്നതെന്ന് പൊലീസ് പറയുന്നു. ജോസ് മാത്യുവിനെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് ലഭിച്ചത്.  മോഷണത്തിലൂടെ സമ്പാദിച്ച ലക്ഷങ്ങള്‍ ഇയാള്‍ ഓഹരിവിപണിയില്‍ നിക്ഷേപിച്ചതായി കണ്ടെത്തി. വ്യാപാരത്തിനിടെ ഒറ്റയടിക്ക് വിവിധ ഓഹരികള്‍ വാങ്ങുന്നതിനായി 20 ലക്ഷം രൂപ വരെ ചെലവഴിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

20 വര്‍ഷത്തിനിടെ ഏഴു കിലോ സ്വര്‍ണമാണ് ജോസ് മാത്യു കവര്‍ന്നത്. 30 കേസുകളില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കി. അതിന് ശേഷവും ഭവനഭേദനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ഇയാള്‍ തുടര്‍ന്നതായി പൊലീസ് പറയുന്നു. മറ്റു മോഷ്ടാക്കളില്‍ നിന്ന് വ്യത്യസ്തമായി മോഷണത്തെ പ്രൊഫഷനായാണ് ഇയാള്‍ കാണുന്നത്. മോഷണം ഒരു ലഹരിയായി കാണുന്ന ഇയാള്‍ക്ക് കവര്‍ച്ചയ്ക്ക് വേറിട്ട രീതിയുണ്ടെന്നും പൊലീസ് പറയുന്നു.

മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ബാറുകളാക്കി മാറ്റി സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുന്നതാണ് പതിവെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍ പറയുന്നു. 1992ലാണ് ഇയാള്‍ ആദ്യമായി കുറ്റകൃത്യം ചെയ്യുന്നത്. ഇതില്‍ അറസ്റ്റിലായെങ്കിലും പിന്നീടും കുറ്റകൃത്യം തുടര്‍ന്നു. മോഷണത്തിനായി സ്വന്തമായി ഇയാള്‍ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതാണ് രീതി. നൂറിലധികം വ്യത്യസ്തമായ ഉപകരണങ്ങളാണ് ഇയാളുടെ കൈവശമുള്ളത്. കാര്‍ വൈപ്പര്‍ മോട്ടോര്‍ ഉപയോഗിച്ച് വികസിപ്പിച്ച ഡ്രില്ലിങ് മെഷീനാണ് മോഷണത്തിനായി ഉപയോഗിക്കുന്നത്. ഡ്രില്ല് ചെയ്യുമ്പോള്‍ ശബ്ദം ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പ്രത്യേകതരത്തിലുള്ള സ്‌ക്രൂ ഡ്രൈവര്‍ അടക്കം മോഷണത്തിന് സഹായിക്കാന്‍ നിരവധി ഉപകരണങ്ങള്‍ ഇയാള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും എസ്പി പറയുന്നു.

മോഷണ സ്ഥലത്തിന് പോകാന്‍ വാഹനം ഉപയോഗിക്കുന്നതിന് പകരം നടന്നാണ് പോകാറ്. വാഹനത്തിലാണ് വരുന്നതെങ്കില്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. നടന്നുപോകുന്നത് കാരണം എളുപ്പം മോഷ്ടാവിലേക്ക് അന്വേഷണം എത്തില്ല എന്ന് ഇയാള്‍ കരുതുന്നതായും പൊലീസ് പറയുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളെയാണ് ഇയാള്‍ മോഷണത്തിനായി ലക്ഷ്യമിടാറ്. മത്സ്യ കര്‍ഷകന്‍ എന്നാണ് ഇയാള്‍ എല്ലാവരോടും സ്വയം പരിചയപ്പെടുത്തുന്നതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. ഐഡന്റിറ്റി പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇയാള്‍ ഇങ്ങനെ ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.